Mon. Dec 23rd, 2024
ന്യൂയോര്‍ക്ക്:

ഇന്ത്യൻ ഭരണഘടനയിൽ നിന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടർന്ന് ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാവരും സംയമനം പാലിക്കാന്‍ തയാറാകണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങൾക്കും എപ്പോള്‍ വേണമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുണ്ടാകുമെന്നും രണ്ടു കൂട്ടരും സമാധാനം പുലര്‍ത്തണമെന്നും യു.എന്‍. വക്താവ് സ്റ്റെഫാന്‍ ദുജാറിക്ക് വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. ഇതേസമയം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നീക്കം ചെയ്തതിനു പിന്നാലെയുള്ള സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് യു.എസും അറിയിച്ചു.

അതിർത്തി രേഖകളുടെ ദൃഢത ഉറപ്പാക്കി പ്രദേശത്ത് സമാധാനം ഉറപ്പുവരുത്തണമെന്ന് യു.എസ്. ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്‍റെ പദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് ഇന്നലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാനും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. പാക് വിദേശകാര്യ സെക്രട്ടറിയാണ് പ്രതിഷേധമറിയിച്ചത്. എന്നാൽ, വിവിധ രാജ്യങ്ങളെ, തീരുമാനത്തിന്റെ കാരണം ബോധ്യപ്പെടുത്താനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.

അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഇന്ത്യ, നേരത്തെ, വിദേശകാര്യ സെക്രട്ടറിമാരോടും സ്ഥാനപതികളോടും വിശദീകരിച്ചിരുന്നു. ഇന്നലെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നിരവധി സ്ഥാനപതിമാരുമായി ചർച്ച നടത്തുകയുണ്ടായി. പാക്കിസ്ഥാനും രാജ്യാന്തര തലത്തില്‍ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *