Mon. Dec 23rd, 2024
തിരുവനന്തപുരം:

മാധ്യമപ്രവര്‍ത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസില്‍ ഐ.എ.എസ്.ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണു ഇത്തരത്തിൽ ഗുരുതരമായ തെറ്റു ചെയ്തതെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല.
അപകടം നടന്ന സമയത്ത് പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നതായി തെളിവില്ലെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചത് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഭാഗങ്ങള്‍ പൊലീസ് നേരത്തെതന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു കൂടി അടിസ്ഥാനപ്പെടുത്തിയാണ് കോടതിയുടെ ജാമ്യം.

കേസില്‍ സിറാജ് മാനേജ്മെന്‍റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് കോടതിയില്‍ ആവശ്യമുന്നയിച്ചു.

അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടിയുള്ളതാണ് ഡോപുമിന്‍ ടെസ്റ്റ്. അപകടമുണ്ടായത് മുതല്‍ തെളിവുകളെ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്.ഐ.യുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് വാദിഭാഗം കോടതിയില്‍ പറഞ്ഞു. കേസില്‍ നിര്‍ണായക തെളിവായി മാറേണ്ടിയിരുന്ന രക്തപരിശോധന പോലീസ് സഹായത്തോടുകൂടി ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തിരുന്നത്.

അപകടം നടന്നയുടൻ നിര്‍ബന്ധമായും ചെയ്യേണ്ടിയിരുന്ന രക്തപരിശോധനയാണ് പ്രതി സ്വന്തം സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇക്കാര്യത്തിൽ ഉന്നത പോലീസുദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന സംശയിക്കുന്നതായും വാദിഭാഗം കോടതിയെ അറിയിച്ചു.

ഈ അവസ്ഥയിൽ ജാമ്യം കിട്ടിയാൽ, പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചു കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട് . ആയതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും വാദിഭാഗം വക്കീൽ അഡ്വ. എസ് ചന്ദ്രശേഖരന്‍ നായര്‍ ആവശ്യമുന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *