തിരുവനന്തപുരം :
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ, പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന, ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്കു മാറ്റി. സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്ത ശ്രീറാമിനെ, മുഖത്ത് മാസ്ക് ധരിപ്പിച്ചു , സ്ട്രെച്ചറിൽ കിടത്തിയാണു ആംബുലൻസിലേക്ക് കയറ്റിയത്.
റിമാൻഡിൽ സുഖവാസമായിരുന്നു എന്ന വിമർശനങ്ങളെ തുടർന്ന്, ഉടൻ തന്നെ വഞ്ചിയൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയേക്കും. ശീതീകരണ സംവിധാനമുള്ള മുറിയിൽ ടി.വി. കാണാനും ഫോൺ ഉപയോഗിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യങ്ങൾ ശ്രീറാമിനുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പ്രശ്നം ഇത്ര ഗുരുതരമായതിനു പിന്നാലെയും ശ്രീറാമിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ഇഴയുകയാണ്.
പ്രതിയുടെ പരുക്കിന്റെ അവസ്ഥ എന്താണെന്നു പുറത്തുവിടാൻ പൊലീസും സ്വകാര്യ ആശുപത്രിയും തയാറായിട്ടില്ല. നേരത്തെ, രക്തം പരിശോധിക്കാൻ വൈകിയതിനാൽ കേസ് പ്രതിക്ക് അനുകുലമാകാൻ സാധ്യതയുണ്ടെന്ന് കെമിക്കൽ എക്സാമിനർ പൊലീസിനെ അറിയിച്ചു.
ആശുപത്രിക്കുള്ളിൽ നിന്ന് നിരന്തരം ശ്രീറാം ഫോണിൽ സംസാരിച്ചിരുന്നതായാണ് ലഭിച്ച വിവരം. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്ന ആശങ്കയുണ്ടെന്നു കെ.എം.ബഷീറിന്റെ കുടുംബം നേരത്തേ അറിയിച്ചിരുന്നു. പ്രതിസ്ഥാനത്ത് ഉന്നതരായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കാം. കേസില്‍ നീതിപൂര്‍വകമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് സഹോദരന്‍ അബ്ദുറഹ്മാന്‍ പ്രതികരിച്ചു.