തിരുവനന്തപുരം :
വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു. മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ 14 ദിവസത്തേക്ക് ശ്രീറാമിനെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഇന്നാണ് പോലീസ് അവിടെനിന്ന് മാറ്റിയത്.
മുഖം മറച്ച നിലയിൽ സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റിയാണ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയത്. മെഡിക്കല്‍ കോളേജിലേക്കാണ് പോലീസ് കൊണ്ടുപോകുന്നതെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും. ആംബുലന്‍സ് നേരെ പോയത് മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കായിരുന്നു. ആരോഗ്യസ്ഥിതിയെപ്പറ്റി പരിശോധിച്ച മജിസ്‌ട്രേറ്റ്, ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സില്‍ ജില്ലാ ജയിലിന് മുന്നിലെത്തിച്ചു. എന്നാൽ, രണ്ട് മണിക്കൂറോളം ജയിലിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിടേണ്ടി വന്നു.
ഇന്നേരം, വെങ്കിട്ടരാമനെ ജയിലിലെ ഡോക്ടര്‍ എത്തി പരിശോധിച്ചു. ജയില്‍ സുപ്രണ്ടും ആംബുലന്‍സിന് അടുത്തെത്തി ആരോഗ്യ വിവരം തിരക്കി. ഇതിനെ തുടർന്ന്, ആരോഗ്യ പ്രശ്നമുണ്ടെന്ന് കണ്ടെത്തി, രാത്രി 8.30ഓടെ ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് നീങ്ങി.
ഇതിനിടെ രക്ത പരിശോധനയിൽ പ്രതിയുടെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്‍റെ രക്തപരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്‍റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.