ഗുവാഹത്തി:
രാജ്യത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയുടെ വിമർശനം. 50 വര്‍ഷത്തിലധികമായി ദശലക്ഷ കണക്കിനു കേസുകളാണ് ഒരു തീരുമാനത്തിലും എത്താതെ കെട്ടിക്കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോടതികളില്‍ 90 ലക്ഷം സിവില്‍ കേസുകളും 20 ലക്ഷത്തോളം മറ്റു കേസുകളുമാണ് ഉത്തരവ് കാത്ത് കിടക്കുന്നത്. ആകെ രണ്ടു കോടി 10 ലക്ഷത്തിലധികം കേസുകളില്‍ ഒരുകോടിയിലധികം കേസുകളിൽ ഇതുവരെ സമന്‍സ് പോലും കൈമാറിയിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഗുവാഹത്തിയിലെ ഒരു പൊതുപരിപാടിയ്ക്കിടെ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അസമില്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഗുവാഹത്തി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അരൂപ് കുമാര്‍ ഗോസ്വാമിയോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരോട് ജൂലായ് പത്തിന് സംസാരിച്ചപ്പോള്‍ അമ്പതും ഇരുപത്തിയഞ്ചും വര്‍ഷം പഴക്കമുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടിയുണ്ടാവണമെന്ന് താന്‍ ആവശ്യ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്താകമാനം 6,000 ജഡ്ജിമാരുടെ ഒഴുവുകള്‍ നികത്താന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഇതുവരെ 4,000 ഒഴിവുകള്‍ നികത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ബാക്കിയുള്ളവയിൽ 1,500 ഒഴിവുകളില്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നിയമനം ഉണ്ടായേക്കും. ജഡ്ജിമാരുടെ വിമരമിക്കല്‍ പ്രായം 65 വയസാക്കണമെന്ന തന്റെ ശിപാര്‍ശ കേന്ദ്രം അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ജഡ്ജിമാരുടെ വിരമിക്കല്‍ മരവിപ്പിക്കേണ്ടി വരുകയും അക്കാലം കൊണ്ട് ഈ 403 ഒഴവുകളില് മികവുള്ള ജഡ്ജിമാരെ നിയമിക്കാനാകും- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.