Wed. Nov 6th, 2024
തിരുവനന്തപുരം:

കേരള സര്‍വകലാശാല സെനറ്റിൽ നിന്നും നാമനിര്‍ദേശം ചെയ്ത സി.പി.എം. പ്രതിനിധികളെ ഒഴിവാക്കി ഗവര്‍ണറുടെ നടപടി. അഡ്വക്കറ്റ് ജി. സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കം ചെയ്തത്. സംഭവത്തെ തുടർന്ന്, പ്രതിഷേധവുമായി സി.പി.എം. രംഗത്തെത്തി.

ഇതുവരെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്ന സെനറ്റ് പാനല്‍ അതേപടി അംഗീകരിക്കലാണ് പതിവ്. എന്നാല്‍, നിലവിലെ ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം ചുമതലയേറ്റത് മുതൽ, ഇങ്ങനെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും ശുപാര്‍ശ ചെയ്യുന്നവരുടെ പ്രവര്‍ത്തി പരിചയവും ബയോഡാറ്റയുമൊക്കെ പരിശോധിക്കുന്ന രീതി വന്നിരുന്നു. ഇത്തവണ ഇതേ പരിശോധനയിലൂടെയാണ് രണ്ട് സി.പി.എം. പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കിയത്.

ഒഴിവാക്കപ്പെട്ടവരിൽ, ജി. സുഗുണന്‍ അഭിഭാഷകരുടെ പ്രതിനിധിയായും ഷിജുഖാന്‍ കലാസാഹിത്യ പ്രതിനിധിയായുമാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, രണ്ട് പേരും അവർ പ്രതിനിധികരിക്കുന്ന മേഖലയിൽ യാതൊരു സംഭാവനയും നൽകിയിട്ടില്ല എന്ന വിശദീകരണമാണ്‌ ഗവർണ്ണറുടെ പക്ഷത്തുനിന്നും ലഭിക്കുന്നത്. ഇതോടെ ഇരുവരെയും സിന്‍ഡിക്കേറ്റിലേക്ക് എത്തിക്കാനുള്ള സി.പി.എം. നീക്കം പാഴായി.

വിഷയത്തില്‍, പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന സി.പി.എം. ഒഴിവാക്കിയവർക്കു പകരം പട്ടികയിലില്ലാത്ത രണ്ടു പേരെ ഉള്‍പ്പെടുത്തിയെന്നും ഇത്തരത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടവർ സംഘപരിവാര്‍ അനുകൂലികളാണെന്നും ആക്ഷേപം സി.പി.എം. ഉന്നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *