Mon. Dec 23rd, 2024
കൊച്ചി :

മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന്‌ കാരണം കുത്തകവൽക്കരണമാണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകയും 2019ലെ ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ജേതാവുമായ നേഹ ദീക്ഷിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമ വിരുദ്ധമായി പോലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, കസ്റ്റഡി മരണം, അന്യായമായ തടങ്കൽ എന്നിവയുടെ യഥാർത്ഥ വസ്തുതകൾ പുറം ലോകത്ത് എത്തിച്ചതിലൂടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള മാധ്യമ പ്രവർത്തകയാണ് നേഹ ദീക്ഷിത്. ധീരതയോടെയുള്ള മാധ്യമ പ്രവർത്തനത്തിന് അന്തരാഷ്ട്ര മാധ്യമ പ്രവർത്തക സംരക്ഷണ സമിതി ആഗോള തലത്തിൽ നൽകുന്ന അവാർഡാണ് കഴിഞ്ഞ മാസം നേഹയെ തേടിയെത്തിയത്. ‘പോലീസിന്റെ പല അതിക്രമങ്ങളും വാർത്തകളിലൂടെ പുറത്തെത്തിക്കാൻ നേഹക്കു കഴിഞ്ഞുവെന്നും, അത്തരം റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അന്യായമായി തടങ്കിൽ ആക്കപ്പെട്ടവരെക്കുറിച്ചുള്ള ആശങ്ക അറിയിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസിൽ നിന്നും ഇന്ത്യൻ സർക്കാരിന് ഒരു നോട്ടീസ് അയച്ചിരുന്നുവെന്നും’ പുരസ്‌കാര പ്രഖ്യാപന വേളയിൽ അവാർഡ് സമിതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. നേഹയുമായി ‘വോക്ക് ജേണൽ’ പ്രതിനിധി നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണ രൂപമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ചോദ്യം: എങ്ങനെയാണു മാധ്യമ പ്രവർത്തന മേഖലയിലേക്ക് കടന്നു വന്നത് ? ആരുടെയെങ്കിലും സ്വാധീനം ഇതിനു പിന്നിൽ ഉണ്ടായിരുന്നോ?

ഉത്തരം : അങ്ങനെ പ്രത്യേകിച്ച് ആരാലും സ്വാധീനിക്കപ്പെട്ടിട്ടല്ല ഞാൻ ഈ മേഖല തിരഞ്ഞെടുത്തത്. ഞാൻ ലക്‌നോവിലാണ് ജനിച്ചു വളർന്നത്. സ്വാഭാവികമായും എന്റെ മാതാപിതാക്കൾ മറ്റുള്ളവരെ പോലെ ഞാൻ ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ മേഖല തിരഞ്ഞെടുക്കണം എന്ന് താല്പര്യപ്പെട്ടിരുന്നു. മാധ്യമ മേഖലയെ കുറിച്ച് അവർ ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ മറ്റുള്ളവരെ പോലെ ആകാൻ ഞാൻ തീരുമാനിച്ചില്ല. അങ്ങനെയാണ് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ലിറ്ററേച്ചർ പഠനത്തിനു ഞാൻ ചേർന്നത്. അവിടെ വെച്ചാണ് ഞാൻ മാധ്യമ രംഗത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയത്. പഠനത്തോടൊപ്പം ധാരാളമായി പത്രങ്ങളും, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുമായിരുന്നു. വായനകളിലൂടെ ഞാൻ പത്രപ്രവർത്തന രംഗം ഇഷ്ടപ്പെടുവാൻ തുടങ്ങി. എന്റെ മേഖല ഇതാണെന്നു പയ്യെ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി..

ചോദ്യം : ഇന്ത്യൻ മാധ്യമ രംഗം സമ്മർദ്ദ ശക്തികൾക്ക് കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായമുണ്ടോ?

ഉത്തരം : തീർച്ചയായും. മുഖ്യധാരാ മാധ്യമങ്ങളുടെ അതിരു വിട്ട കുത്തകവൽക്കരണമാണ് ഈ അവസ്ഥക്ക് കാരണം. അവരുടെ മാർക്കറ്റിംഗ് ടീം ആണ് തീരുമാനിക്കുന്നത് ഏതു വാർത്ത കൊടുക്കണം എന്നും ഏതൊക്കെ കൊടുക്കേണ്ട എന്നും. തങ്ങളുടെ ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് വാർത്തകൾ പുറത്തു വരുന്നത്. യഥാർത്ഥമായ റിപ്പോർട്ടുകൾ അല്ല മിക്കവാറും പുറത്തു വരുന്നത്. മാധ്യമങ്ങളുടെ ഓഹരികൾ കയ്യാളിയിട്ടുള്ള കുത്തകകളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും വാർത്തയെ സ്വാധീനിക്കുന്നു. ഇതുമൂലം പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന സമൂഹങ്ങളുടെയും ജാതികളുടേയും വാർത്തകൾ വെളിച്ചവും കാണാറില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ആളുകളെക്കുറിച്ചുള്ള വാർത്തകൾ മുഖ്യധാര മാധ്യമങ്ങൾ തമസ്കരിക്കുന്നു.

ചോദ്യം : മോദിയുടെ തുടർഭരണത്തിൽ ഇന്ത്യൻ മാധ്യമ രംഗത്തു വന്ന മാറ്റങ്ങൾ എന്താണ് ?

ഉത്തരം : എടുത്തു പറയത്തക്ക രീതിയിൽ മുഖ്യമായും രണ്ടു മാറ്റങ്ങളാണ് ഞാൻ കാണുന്നത്. അന്വേഷണാത്മക മാധ്യമപ്രവർത്തകർ എക്കാലത്തും അവർ ചെയ്ത വാർത്തകളുമായി ബന്ധപ്പെട്ടു മനനഷ്ടത്തിനും മറ്റും വക്കീൽ നോട്ടീസുകൾ കൈപറ്റാറുണ്ട്. എനിക്കും മോദിയുടെ രണ്ടാം സർക്കാരിന് മുൻപ് വരെ ഇത്തരം നോട്ടീസുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ മോദിയുടെ രണ്ടാം വരവോടെ വക്കീൽ നോട്ടീസുകൾക്കു പകരം ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയ കേസുകൾ ചുമത്തി മാധ്യമ പ്രവർത്തകരെ വരുതിയിലാക്കുന്നു എന്ന വ്യത്യാസം ആണ് ഉണ്ടായിട്ടുള്ളത്. എനിക്ക് മാത്രമല്ല രാജ്യത്തെ വിദൂരമായ കോണുകളിലുള്ള മാധ്യമപ്രവർത്തകരോട് പോലും ഭരണകൂടം ഈ സമീപനമാണ് സ്വീകരിക്കുന്നത്. മറ്റൊന്ന് മാധ്യമ പ്രവർത്തകർ സ്വയം സെൻസർഷിപ്പിനു വിധേയമാകാൻ നിർബന്ധിതരാകുന്നു എന്നതാണ്. സർക്കാരിനെ വിമർശിച്ചും, സർക്കാരിന് അനുകൂലമല്ലാത്തതും ആയ വാർത്തകൾ ചെയ്താൽ ഉണ്ടാകുന്ന വരും വരായ്കകൾ ഭയക്കുകയാണ് മിക്ക മാധ്യമപ്രവർത്തകരും. ഭരണകൂടം തങ്ങൾക്കെതിരെ പ്രയോഗിക്കുന്ന കേസുകൾ മാത്രമല്ല, ശാരീരികമായ ആക്രമണങ്ങളും, ഓൺലൈനുകളിലൂടെ വരുന്ന വ്യക്തി ഹത്യകളും ഭയന്ന് പലരും ഇത്തരം റിപ്പോർട്ടുകൾ എഴുതുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും സർക്കാരിനെ പേടിച്ചു ഉറച്ച നിലപാടുകൾ എടുക്കാൻ ഭയക്കുന്നു. ഫലത്തിൽ ഇത് മാധ്യമ രംഗത്തിന്റെ ശക്തി ചോർത്തിക്കളയുന്നു.

ചോദ്യം : ഓൺലൈനുകളിലൂടെ വരുന്ന ട്രോളുകളും, വ്യക്തിഹത്യകളും എങ്ങനെ നോക്കി കാണുന്നു?

ഉത്തരം : ഓൺലൈൻ ട്രോളുകൾ മിക്കവാറും നമ്മുടെ പൊതു സമൂഹത്തിന്റെ മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഫീൽഡിൽ മാധ്യമ പ്രവർത്തകർ നേരിടുന്ന ശാരീരിക ആക്രമണങ്ങളുടെ മറുവശമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും നേരിടേണ്ടി വരുന്ന ട്രോളുകളും വ്യക്തിഹത്യയും. ആർ.എസ്.എസ്. ആസ്സാമിൽ നിന്നും പഞ്ചാബിലേക്കും, ഗുജറാത്തിലേക്കും കുട്ടികളെ നിയമവിരുദ്ധമായി കടത്തിയത് ഞാൻ റിപ്പോർട്ട് ചെയ്തപ്പോൾ വലിയ രീതിയിലുള്ള ഭീഷണിയാണ് ഫീൽഡിൽ നിന്നും ഞാൻ നേരിട്ടത്. ആർ.എസ്.എസ്. പ്രവർത്തകർ എന്നെ വളഞ്ഞു വെച്ച് ജീവന് ഭീഷണി ഉയർത്തിയപ്പോൾ ഞാൻ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞെങ്കിലും പോലീസ് ഞങ്ങളുടെ ആളുകൾ ആണെന്നായിരുന്നു അവരുടെ മറുപടി. അതെ അവസ്ഥ തന്നെയാണ് ഓൺലൈനിലും. യു.പി പോലീസിന്റെ ഏറ്റുമുട്ടൽ കൊലകൾ റിപ്പോർട്ട് ചെയ്തപ്പോൾ പോലീസിൽ നിന്നായിരുന്നു ഭീഷണി. അന്നും ട്രോളിനു വിധേയയായി. ഞാൻ എഴുതിയ റിപ്പോർട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യുകയല്ല മറിച്ച്, ഞാൻ എങ്ങനെയൊക്കെ ട്രോൾ ചെയ്യപ്പെട്ടു എന്ന് ആസ്വദിക്കുകയായിരുന്ന് സമൂഹം.

ചോദ്യം : ഒരു മാധ്യമ പ്രവർത്തക എന്ന രീതിയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

ഉത്തരം : സത്യസന്ധമായി വാർത്തകൾ പുറത്തു കൊണ്ടുവരിക എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. നിർഭാഗ്യവശാൽ ചുരുക്കം സ്ഥാപനങ്ങൾ മാത്രമാണ് അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്. മുഖ്യധാരകളല്ലാത്ത കുറെയേറെ സ്ഥാപനങ്ങൾക്കു അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് താല്പര്യം ഉണ്ടെങ്കിലും പണത്തിന്റെയും, മറ്റു സ്വാധീനങ്ങളുടെയും അഭാവം അവർക്കു വെല്ലുവിളി സൃഷ്ടിക്കുന്നു.

ചോദ്യം : ഓൺലൈൻ മാധ്യമങ്ങൾക്കു ഇന്ത്യൻ മാധ്യമരംഗത്തുള്ള പ്രസക്തി എന്താണ് ?

ഉത്തരം : ആദ്യ കാലങ്ങളിൽ കുത്തക മാധ്യമങ്ങൾ മാത്രമാണ് പൊതു സമൂഹം എന്ത് അറിയണം എന്ന് നിശ്ചയിച്ചിരുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ മുഖ്യധാരാ മാധ്യമങ്ങൾ പൂഴ്ത്തിയിട്ടുള്ള പല വാർത്തകളും ജനങ്ങൾ അറിയാൻ തുടങ്ങി. ഇത്തരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നവരുടെയും വാർത്തകൾ വരാനുള്ള സാഹചര്യം ഒരുങ്ങിയതോടെ ഇന്ത്യൻ മാധ്യമരംഗം ജനാധിപത്യവൽക്കരിക്കപ്പെട്ടു എന്ന് പറയാം.

ചോദ്യം : പുതിയതായി മാധ്യമ രംഗത്തേക്ക് കടന്നു വരുന്നവർക്ക് എന്ത് ഉപദേശമാണ് കൊടുക്കാനുള്ളത്?

ഉത്തരം : ഞാൻ ഈ രംഗത്തേക്ക് വന്നപ്പോൾ എല്ലാവരും പറഞ്ഞത് മാധ്യമരംഗത്ത് ബന്ധങ്ങൾ ഇല്ലെങ്കിൽ ഈ മേഖലയിൽ ശോഭിക്കാൻ കഴിയില്ല, വാർത്താ സ്രോതസ്സുകൾ ലഭിക്കുകയില്ല എന്നൊക്കെയായിരുന്നു. പക്ഷെ നമ്മൾ ചെയ്യുന്ന ജോലി ശ്രദ്ധയോടെയും, ആത്മാർത്ഥതയോടെയും ചെയ്‌താൽ വലിയ രീതിയിൽ ബന്ധങ്ങൾ ഇല്ലെങ്കിൽ പോലും ഈ രംഗത്തു നമ്മുടെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിയും എന്നാണ് എന്റെ അനുഭവം.

ചോദ്യം : ഈ അവാർഡ് ലഭിച്ചപ്പോൾ എന്ത് തോന്നുന്നു ?

ഉത്തരം : ഈ അവാർഡ് എന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ നേരിട്ട് കൊണ്ടിരിക്കുന്ന കേസുകളിൽ ഈ അവാർഡ് ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഔട്ട് ലുക്ക് മാഗസിനിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ പേരിൽ വന്ന കേസ് ഔട്ട് ലുക്കിന്റെ സഹായമില്ലാതെയാണ് ഞാൻ വാദിക്കുന്നത്. വാർത്ത പ്രസിദ്ധീകരിച്ചതിന് ശേഷം കേസ് വരുമ്പോൾ അത് എഴുതിയ റിപ്പോർട്ടറെ പിന്തുണക്കാത്ത മാധ്യമ സ്ഥാപനങ്ങളെ വെളിച്ചത്തു കൊണ്ടുവരുവാൻ ഈ അവാർഡിനെ കുറിച്ചുള്ള ചർച്ചകൾ സഹായിക്കും എന്ന് ഞാൻ കരുതുന്നു. അതോടൊപ്പം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഭീഷണികളും, ശാരീരിക, മാനസിക പീഡനങ്ങളും, കേസുകളും ലോക ശ്രദ്ധയിൽ കൊണ്ടുവരാനും ഈ അവാർഡ് പ്രഖ്യാപനം സഹായിച്ചിട്ടുണ്ടെന്നു ഞാൻ കരുതുന്നു.

ഒരു ദശകത്തിലധികം രാഷ്ട്രീയം, ലിംഗ സമത്വം, സാമൂഹ്യ നീതി എന്നിവയിൽ ഊന്നി പത്രം, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീലാൻസറായി പ്രവർത്തിച്ചു വരികയാണ് നേഹ ദീക്ഷിത്. തെഹൽക്കയിലൂടെ മാധ്യമ രംഗത്തേക്ക് കടന്നു വന്ന അവർ ഇന്ത്യ ടുഡേയിൽ പ്രവർത്തിച്ചിരുന്നു.

ഉത്തർ പ്രദേശ് പോലീസ് ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തിയ പതിനാലോളം പേരുടെ വീടുകൾ സന്ദശിച്ചു നേഹ ദീക്ഷിത് എഴുതിയ പരമ്പര വാൻ ജനശ്രദ്ധ നേടിയിരുന്നു. ഹരിയാന പോലീസ് നടത്തിയ നിയമവിരുദ്ധമായ പതിനാറ് കൊലകളെ കുറിച്ചും നേഹ എഴുതിയിരുന്നു. ദേശസുരക്ഷ നിയമം ദുരുപയോഗം ചെയ്ത് ഉത്തർ പ്രദേശ് പോലീസ് മുസ്ലിമുകളെ തടവിലാക്കുന്നതിനെ കുറിച്ച് നേഹ ദീക്ഷിത് എഴുതിയത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പട്രീഷ്യ കാമ്പസ് മെല്ലോ (ബ്രസീൽ), ലൂസിയ പിനെഡാ ഉബാവു, മിഗ്വയിൽ മോറ (നിക്കരഗ്വേ), മാക്സിൻസ് മെല്ലോ മുബ്യാസി (ടാൻസാനിയ) എന്നിവർക്കാണ് നേഹ ദീക്ഷിതിനെ കൂടാതെ ഇത്തവണ പ്രസ്സ് ഫ്രീഡം അവാർഡ് ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *