Mon. Dec 23rd, 2024
ടെഹ്‌റാൻ:

 

പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക ഡ്രോണാണ് ഇറാന്‍ വ്യാഴാഴ്ച വെടിവെച്ചിട്ടത്. പേര്‍ഷ്യന്‍ ഒമാന്‍ ഉള്‍ക്കടലുകള്‍ക്കിടയിലാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസിനോടുചേര്‍ന്ന് തങ്ങളുടെ വ്യോമപരിധി ലംഘിച്ച യു.എസ്സിന്റെ ചാര ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) അറിയിച്ചു. തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനിലെ കുഹ്മൊബാറക്കിനോടുചേര്‍ന്ന് ആകാശപരിധി കടന്ന ആര്‍.ക്യു.4 ഗ്ലോബല്‍ ഹോക് എന്ന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്നാണ് ഇറാന്റെ അവകാശവാദം.

എന്നാല്‍, വെടിവെച്ചിടുമ്പോൾ ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയിലായിരുന്നെന്നും നാവികസേനയുടെ സമുദ്രനിരീക്ഷണത്തിനുള്ള എം.ക്യു.4സി. ട്രിടണ്‍ ഡ്രോണാണിതെന്നും യു.എസ്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ ആദ്യമായാണ് ഇറാനൊരു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഇറാന്റെ ദേശസുരക്ഷയും അതിര്‍ത്തിയും യു.എസ്. മാനിക്കണമെന്ന് ഔദ്യോഗിക ടെലിവിഷനിലൂടെ ഹുസെയ്ന്‍ സലാമി മുന്നറിയിപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *