Sat. Apr 20th, 2024
കൊച്ചി :

പ്രവാസി വ്യവസായി പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു നടപടി.

കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകൾ സർക്കാരിന് മുന്നിൽ ഇങ്ങനെ കെട്ടിക്കിടക്കുമ്പോൾ അതിൽ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സർക്കാർ ഇതിൽ ഉചിതമായ നടപടിയെടുക്കണം – ഹൈക്കോടതി പറഞ്ഞു.

15 കോടി രൂപ മുടക്കിയ പദ്ധതിക്കെതിരെ മുനിസിപ്പാലിറ്റി സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു കരുതേണ്ടി വരുമെന്നും ഭാവി സംരംഭകർക്കു തെറ്റായ സന്ദേശമാണിതു നൽകുന്നതെന്നും ഹൈക്കോടതി വിലയിരുത്തി.

ആന്തൂർ നഗരസഭയിൽ സാജൻ അപേക്ഷ നൽകിയ ദിവസം മുതൽ ഉള്ള ഫയലുകളും രേഖകളും സാജന് നൽകിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണം. സർക്കാർ തന്നെ എല്ലാ വശങ്ങളും പുറത്തു കൊണ്ടുവരണം.

അങ്ങനെയൊരു നടപടിയുണ്ടാകുമ്പോൾ മാത്രമേ സമൂഹത്തിന് ഇതിൽ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളു. ഇത്തരം ആത്മഹത്യകൾ ഉണ്ടാകുന്നത് വ്യവസായ സംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുക. ഈ അവസ്ഥ തുടരുമ്പോൾ നിക്ഷേപകർക്ക് ദുരിതപൂർണമായ അവസ്ഥയുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

അതിനിടെ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ശ്യാമളക്കെതിരെ പാർട്ടിയിൽ തന്നെ വലിയൊരു വിഭാഗം ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ സൈബർ പോരാളികളുടെ പേജായ ‘പോരാളി ഷാജി’ പോലും ശ്യാമളക്കു അഹങ്കാരമെന്ന രീതിയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. പി.കെ.ശ്യാമളയെ പുറത്താക്കണമെന്ന് സിപിഎമ്മിന്റെ കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലടക്കം നഗരസഭാധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടു. പി.െക. ശ്യാമള പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുണ്ടായി.

കെട്ടിടത്തിന് നഗരസഭ അനുമതി നൽകാതിരുന്നപ്പോൾ സാജൻ ജില്ലാ കമ്മിറ്റിയെ സമീപിച്ചു അനുമതി വാങ്ങിച്ചിരുന്നു. ഇതിൽ പി.കെ ശ്യാമളയ്ക്കുള്ള ജാള്യത പകയായി മാറിയിരുന്നു. അതിനാലാണ് നഗര സഭയുടെ ഓക്യുപൻസി രേഖ താൻ ഈ സ്ഥാനത്തിരിമ്പോൾ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടെന്നു ശ്യാമള പറഞ്ഞതും നിരാശനായ സാജന്റെ ആത്മഹത്യക്കു പ്രേരകമായതും.

Leave a Reply

Your email address will not be published. Required fields are marked *