Sun. Feb 23rd, 2025
വടകര:

വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.

വടകര മേപ്പയിൽ ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണൻ. ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു. എന്നാൽ ഉച്ചയോടെ കാണാതായി.

തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കൃഷ്ണൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

മുന്നിൽ ഒന്നുമില്ലെന്ന് മനസിലാക്കുമ്പോൾ ആത്മഹത്യ മാത്രമാകുന്നു ഏക വഴിയെന്ന് വ്യാപാരി വ്യവസായി സമിതി അബ്ദുൾ ഗഫൂർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ വ്യാപാരി സമൂഹത്തിന് സഹായകരമാണ്. പക്ഷേ അനിശ്ചിതമായി തുടരുന്ന അടച്ചിടൽ വ്യാപാരി സമൂഹത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നും അബ്ദുൾ ഗഫൂർ പറഞ്ഞു.