നടുവണ്ണൂർ:
പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കടന്നയാൾ ഫ്രണ്ട് ഓഫിസും ജനസേവന കേന്ദ്രവും അടിച്ചു തകർത്തു. ആക്രമണത്തിൽ പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കൊടുവാളുമായി പഞ്ചായത്ത് ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കരുമ്പാപ്പൊയിൽ പൂളക്കാപൊയിൽ സനൽകുമാറിനെ (45) നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി.
ആക്രമണത്തിൽ പരുക്കേറ്റ പഞ്ചായത്ത് ജീവനക്കാരി പി ഷൈമലത(45), ജനസേവന കേന്ദ്രം താൽക്കാലിക ജീവനക്കാരായ കൃഷ്ണപുരം പ്രസന്ന(50), വാണികണ്ടി അശ്വതി(22) എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് മൂന്നോടെ കുടയിൽ ഒളിപ്പിച്ച വലിയ കൊടുവാളുമായി ഓഫിസിൽ എത്തിയ സനൽകുമാർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഫ്രണ്ട് ഓഫിസിന്റെയും ജനസേവന കേന്ദ്രത്തിന്റെയും ചില്ല് അടിച്ചു തകർക്കുകയായിരുന്നു. തുടർന്നു കൊടുവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.
ജീവനക്കാരും വിവിധ ആവശ്യത്തിന് ഓഫിസിൽ എത്തിയവരും അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു സനൽകുമാറിനെ കീഴ്പ്പെടുത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ഇയാളെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനു കർശന നിയമ നടപടി എടുക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ ആവശ്യപ്പെട്ടു. നേരത്തെ ഇയാൾ നൽകിയ പരാതി പഞ്ചായത്തും ആരോഗ്യ വകുപ്പും ഇടപെട്ടു രമ്യമായി പരിഹരിച്ചിരുന്നു.