Fri. Nov 22nd, 2024
കണ്ണൂർ:

ജില്ലയിൽ വിതരണത്തിന് അരലക്ഷം ഡോസ് വാക്സീൻ എത്തുമെന്നു കലക്ടർ ടി വി സുഭാഷ് അറിയിച്ചു. 25,000 പേർക്ക് ആദ്യ ഡോസും 25000 പേർക്ക് രണ്ടാം ഡോസുമായി നാളെയും 31നുമായാണ് വിതരണം ചെയ്യുക. 5000 ഡോസ് വീതം ഓരോ വിഭാഗത്തിലും ഓൺലൈൻ ബുക്കിങ്ങിലൂടെ നൽകും. ഇതിനായുള്ള ബുക്കിങ് ഇന്നു 3ന് കോവിൻ വെബ്സൈറ്റിലൂടെ നടത്താമെന്നും കലക്ടർ അറിയിച്ചു. ‌

ഒന്നാം ഡോസ് ലഭിച്ച് ഏറ്റവും അധികം ദിവസം കഴിഞ്ഞവർക്കു മുൻഗണന നൽകും. ഇതിനു തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ മുൻഗണനാ പട്ടിക തയാറാക്കി സ്പോട്ട് റജിസ്ട്രേഷൻ നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയും നിലവിൽ വാക്സീൻ എത്ര ശതമാനം പേർക്ക് ലഭിച്ചു എന്നതും അടിസ്ഥാനമാക്കിയായിരിക്കും ആദ്യ ഡോസിന്റെ വിതരണം. പൊതുജനങ്ങളോട് ഏറ്റവും ഇടപെടുന്ന വിഭാഗങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻഗണന.

പൊതുഗതാഗതവുമായി ബന്ധപ്പെട്ട ജീവനക്കാർ, ഓട്ടോറിക്ഷാ – ടാക്സി തൊഴിലാളികൾ, കച്ചവടക്കാർ, ബാർബർമാർ, ടെയ്‌ലർമാർ, സ്റ്റുഡിയോ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിലുറപ്പു തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളികൾ, നിർമാണ മേഖലയിലെ തൊഴിലാളികൾ, എൽപിജി വിതരണ തൊഴിലാളി, ഹോട്ടലിലെയും കടകളിലെയും ഡെലിവറി ബോയ്സ്, കയറ്റിറക്കു തൊഴിലാളികൾ എന്നിവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും. പട്ടികവർഗം, പരീക്ഷയിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾ, വിദേശത്തു പോകേണ്ടവർ എന്നിവർക്കും പരിഗണന നൽകും.