കണ്ണൂർ:
ഇവർ അച്ചടിക്കുന്നത് വെറും നോട്ടീസല്ല. പെൺകരുത്തിന്റെ വിജയകഥയാണ്. പരിശ്രമിച്ചാൽ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം നേടാമെന്ന് തെളിയിക്കുകയാണ് മട്ടന്നൂർ നഗരസഭാ വനിതാ റിസോഴ്‌സ് സെന്റർ. ജില്ലയിലെ പ്രഥമ കുടുംബശ്രീ പ്രിന്റിങ് പ്രസാണ് ഇവരുടെ നേതൃത്വത്തിൽ വെച്ചടി വെച്ചടി അച്ചടി മേഖലയിൽ തിളങ്ങുന്നത്.
പി ചന്ദ്രലിജ പ്രസിഡന്റും പി റെജി സെക്രട്ടറിയുമായ 12 അംഗ വനിതാ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ‘പ്രിസം പ്രിന്റേഴ്‌സ്’ ആരംഭിച്ചത്. ഗ്രൂപ്പിലെ നാലുപേരാണ് തൊഴിലാളികൾ. മൂന്നുലക്ഷം രൂപ നഗരസഭയും മൂന്നുലക്ഷം ഗുണഭോക്തൃവിഹിതവും ഉപയോഗിച്ചാണ് നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തനം.
തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, കുടുംബശ്രീയുടെ വിവിധ സംരംഭങ്ങൾ എന്നിവയ്‌ക്കാവശ്യമായ അച്ചടി പ്രവൃത്തികൾ കുറഞ്ഞ നിരക്കിൽ ഏറ്റെടുത്ത് നടത്തും.മൂന്നുവർഷത്തിനുള്ളിൽ മൂന്നുകോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭാ കുടുംബശ്രീ നടപ്പാക്കിയത്. ഇതിനെല്ലാം മാർഗനിർദേശം വനിതാ റിസോഴ്‌സ് സെന്റർ.
ജനകീയ ഹോട്ടൽ, കുടുംബശ്രീ ഹോട്ടൽ, മൂന്ന് കോഴിഫാം, അപ്പാരൽ പാർക്ക്, ട്യൂഷൻ സെന്റർ, ഡെ കെയർ, സൂപ്പർ മാർക്കറ്റ്, തേനീച്ച വളർത്തൽ കേന്ദ്രങ്ങൾ തുടങ്ങി വിവിധ സംരംഭങ്ങളാണ് നടത്തുന്നത്.പിന്നോക്ക വികസന കോർപ്പറേഷനിൽനിന്നെടുത്ത വായ്‌പ സ്ഥാപനങ്ങൾ കൃത്യതയോടെ തിരിച്ചടക്കുന്നു. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചുള്ള കുടുംബശ്രീ പഞ്ചാരി മേളം ട്രൂപ്പ് അടുത്തദിവസം അരങ്ങേറ്റം കുറിക്കും. മട്ടന്നൂർ ശിവരാമന്റെ ശിക്ഷണത്തിലാണ് ജില്ലയിലെ ആദ്യ കുടുംബശ്രീ പഞ്ചാരി മേളം ട്രൂപ്പ് പരിശീലനം പൂർത്തയാക്കിയത്.