Sat. Nov 23rd, 2024
പാപ്പിനിശ്ശേരി:

കണ്ടൽ ദിനം ഗംഭീരമായി ആചരിക്കും. എന്നാൽ സംരക്ഷണം ഏറ്റെടുത്തവർ പോലും കണ്ടൽച്ചെടി നശിപ്പിക്കുന്നതു കണ്ടാൽ മിണ്ടില്ല. വളപട്ടണം പുഴയോരത്തു വിവിധ പഞ്ചായത്തുകളിലെ ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം സമ്പൂർണ നാശത്തിലേക്ക്.

കെട്ടിട അവശിഷ്ടങ്ങളും ഫാക്ടറി മാലിന്യവും കൊണ്ടു തള്ളി കണ്ടൽച്ചെടിയുടെ സ്വാഭാവിക വളർച്ചയെ പതിയെ ഇല്ലാതാക്കുകയാണ്. പുഴയോരത്തെ തണ്ണീർത്തട പ്രദേശം വ്യാപകമായി മണ്ണിട്ടു നികത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
പാപ്പിനിശ്ശേരി തുരുത്തിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏക്കർ കണക്കിനു കണ്ടൽക്കാട് നശിപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ട്.

2 വർഷം മുൻപു സ്വകാര്യ വ്യക്തികളുടെ കണ്ടൽ പ്രദേശം നെല്ലും മീനും പദ്ധതിയുടെ ഭാഗമായി വ്യാപകമായി നശിപ്പിച്ചു. കണ്ടൽ വനവൽക്കരണത്തിന്റെ ഭാഗമായി വർഷങ്ങൾക്കു മുൻപു വളപട്ടണത്തു നട്ടുവളർത്തിയ കണ്ടൽച്ചെടികൾ മണൽവാരൽ വ്യാപകമായതോടെ നശിച്ചു. വളപട്ടണം പാലത്തിനു സമീപം കണ്ടൽക്കാട് മാലിന്യം തള്ളുന്നവരുടെ കേന്ദ്രമായി.

പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം രാസ, ശുചിമുറി മാലിന്യവും തള്ളി വളപട്ടണം പുഴയെ കൂടി ഇവർ മലിനമാക്കുന്നു. ചിറക്കൽ കാട്ടാമ്പള്ളി, നാറാത്ത്, ഇരിണാവ്, മടക്കര, മാട്ടൂൽ എന്നിവിടങ്ങളിൽ പുഴയോരത്തെ കണ്ടൽ വനപ്രദേശം നശിപ്പിക്കുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്നു. അധികൃതരുടെ ഭാഗത്തു നിന്നു ശക്തമായ നടപടി ഇല്ലാത്തതിനാൽ ജില്ലയിലെ കണ്ടൽ വനപ്രദേശം ഓരോ വർഷവും കുറഞ്ഞു വരുന്നതായി പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.