വള്ളുവമ്പ്രം:
വർഷങ്ങളായി വാടകമുറിയിൽ കഴിയുകയായിരുന്ന വെള്ളൂരിലെ നിർധന കുടുംബത്തിന് ജിദ്ദയിലെ മലയാളി വനിത കൂട്ടായ്മയായ അഭയം ചാരിറ്റി വീട് നിർമിച്ച് നൽകി. സ്വന്തമായുണ്ടായിരുന്ന അഞ്ച് സെൻറ് ഭൂമിയിൽ വീട് വെക്കുന്നതിനായി നിർമിച്ച തറ വർഷങ്ങളായി കാടുമൂടി കിടക്കുകയായിരുന്നു. ഇതിനിടെ ഗൃഹനാഥൻ രോഗബാധിതനായതോടെ നിത്യച്ചെലവിന് തന്നെ കുടുംബം ബുദ്ധിമുട്ടുകയായിരുന്നു.
അത്താണിക്കൽ കാരുണ്യകേന്ദ്രം പ്രവർത്തകരാണ് ഈ കുടുംബത്തിൻറെ ദയനീയ സ്ഥിതി അഭയം പ്രവർത്തകരുടെ ശ്രദ്ധയിൽകൊണ്ടുവരുന്നതും വീടുപണിക്ക് നേതൃത്വം നൽകിയതും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവരുടെ ചികിത്സ, ഭക്ഷണം, വാടക എന്നിവയും അഭയം പ്രവർത്തകർ കാരുണ്യകേന്ദ്രം മുഖേന കുടുംബത്തിന് കൈമാറി വരുകയായിരുന്നു.ആറരലക്ഷം രൂപ ചെലവിൽ പണി പൂർത്തിയായ വീടിെൻറ താക്കോൽദാനം കാരുണ്യകേന്ദ്രം ചെയർമാൻ ശിഹാബ് പൂക്കോട്ടൂർ നിർവഹിച്ചു.
മൊയ്തീൻ കുട്ടി ഹാജി അലി അശ്റഫ്, ശഫീഖ് അഹമ്മദ്, മുജീബ് വേങ്ങര, അഭയം ചാരിറ്റി പ്രതിനിധി എന്നിവർ സംസാരിച്ചു. ഗൃഹാങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷികളായി. അഭയം ചാരിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ വീട് വെള്ളൂർ പ്രദേശത്ത് മാസങ്ങൾക്ക് മുമ്പാണ് കൈമാറിയത്.