Sun. Dec 22nd, 2024
ഫറോക്ക്:

ബേപ്പൂർ ഉത്തരവാദിത്ത ടൂറിസത്തിൽ മാതൃകാ പദ്ധതി നടപ്പാക്കുന്നത് കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽ സംരക്ഷണത്തിന് വഴിയൊരുക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം കാരണം ജൈവ വൈവിധ്യങ്ങളുടെ കലവറയായ കണ്ടൽക്കാടുകൾ നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കെയാണ് ഈ പ്രതീക്ഷ. 2007 ഒക്ടോബറിലാണ് 153 ഹെക്ടർ വിസ്തൃതിയിലുള്ള ഈ മേഖലയെ കമ്യൂണിറ്റി റിസർവായി പ്രഖ്യാപിച്ചത്.

കടലുണ്ടിപ്പുഴയും കണ്ടൽക്കാടുകളും കടലും അഴിമുഖവും തോടും ഇടത്തോടുകളും മൺതിട്ടകളും ചതുപ്പുകളുമെല്ലാം കൂടി ചേർന്ന കോഴിക്കോട്–മലപ്പുറം ജില്ലകൾ അതിരു പങ്കിടുന്ന മേഖലയാണിത്‌. ഉത്തരവാദിത്ത ടൂറിസത്തിന്റെ ചുവടുപിടിച്ച് ഇക്കോ ടൂറിസവും അനുബന്ധ മേഖലയിലും വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കണ്ടൽ വന സംരക്ഷണവും സാധ്യമാകുകയാണ്.
രാജ്യത്ത് 59 ഇനവും കേരളത്തിൽ 14 തരം കണ്ടലുകളുമാണ് പ്രധാനമായുമുള്ളത്.

അരനൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ 700 ച കി മീറ്റർ വ്യാപിച്ചിരുന്ന കണ്ടൽ കേവലം 17 ച കി മീറ്ററായി ചുരുങ്ങി. കടലുണ്ടിയിൽ പ്രാന്തൻ കണ്ടൽ, കുറ്റിക്കണ്ടൽ, ചുള്ളിക്കണ്ടൽ, നക്ഷത്ര കണ്ടൽ , കണ്ണാംപൊട്ടി , വലിയ ഉപ്പിട്ടി , ചെറു ഉപ്പട്ടി , പൂക്കണ്ടൽ എന്നീ എട്ടിനം കണ്ടലുകളാണ് പ്രധാനമായും കാണപ്പെടുന്നത്.