Wed. Jan 22nd, 2025
മലപ്പുറം:

മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്‍റെ ഫ്ലക്സിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ ആണെന്നും വി ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി ടി ബല്‍റാം പിണറായി വിജയന്‍റെ ഫ്ലക്സിനെ പരിഹസിച്ചത്.

‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം’ എന്നാണ് പിണറായി വിജയന്‍റെ പൂര്‍ണകായ ചിത്രത്തോടെ ഫ്ലക്സില്‍ എഴുതിയത്. ക്ഷേത്രത്തിന്‍റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. വ്യക്തി പൂജ പാർട്ടിയിൽ പാടില്ലെന്ന സെക്രട്ടറിയേറ്റിന്‍റെ കർശന നിലപാടിനിടെ പിണറായിയുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.