Sun. Dec 22nd, 2024
വലിയപറമ്പ്‌:

വലിയപറമ്പ് ചേറ്റാവി നവീകരിക്കുന്നു. പാലത്തിന് സമീപത്തെ ആവിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്നാക്കുന്നത്.
ആദ്യഘട്ടത്തിൽ ചെളിനീക്കി സംരക്ഷണ ഭിത്തി നിർമിക്കാനാണ്‌ പഞ്ചായത്തിന്റെ പദ്ധതി. ഇരിപ്പിടവും ഒരുക്കും.

അരികിൽ ചെടികൾ നടും. ഉല്ലാസ ബോട്ട്‌ ഇറക്കാനും പദ്ധതിയുണ്ട്. പ്രധാന റോഡിൽ നിന്നും ഈ പ്രദേശത്തേക്ക് റോഡും നിർമിക്കും.

ഭൂമി ഏറ്റെടുക്കാൻ പറ്റിയില്ലെങ്കിൽ ചാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് നിർമിച്ച് വഴിയൊരുക്കും. സ്ഥലം പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവന്റെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി.

പുഴയിൽ നിന്നും ഉപ്പുവെള്ളം കയറി ഉണ്ടാകുന്നതാണ്‌ ആവി. മഴക്കാലമായാൽ പുഴ മീനുകൾ ഇവിടെ മുട്ടയിടാൻ എത്താറുണ്ട്‌.
അരയോളം ചെളിയും കഴുത്തോളം വെള്ളവും ഉണ്ടായിരുന്ന ചെറു തടാകം കൂടിയായ ആവി ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ഔഷധ പ്രധാന്യമുള്ള കൈച്ചൽ മത്സ്യം ഇവിടെ ധാരാളം കണ്ടിരുന്നു. ഇപ്പോഴിതില്ല.