Fri. Nov 22nd, 2024
ബദിയടുക്ക:

ജലക്ഷാമം രൂക്ഷമായ കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസമായി കണിക ജലസേചന പദ്ധതി. പ്രധാനമന്ത്രി കൃഷി സിംഗായ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ പിഎംഎസ്കെവൈ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഏക പദ്ധതിയാണിത്.

കുടുപ്പം കുഴി തടണയ്ക്ക് സമീപമുള്ള 50 ഏക്കർ സ്ഥലത്തെ കാർഷിക വിളകൾക്ക് ജലസേചനം നടത്തുന്നതിനുള്ള 50 ലക്ഷം രൂപയുടെ പദ്ധതിയാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്നത്.പ്രധാന മന്ത്രി കൃഷി സിംഗായ് യോജന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കുടുപ്പം കുഴിയിലെ തടയണയ്ക്ക് സമീപമുള്ള കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്ന സ്ഥലം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.40 കർഷക കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

200 ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്. ജലക്ഷാമമുണ്ടാകുന്നതിനാൽ വിളകൾക്ക് ജലസേചനം നടത്താൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇവിടെയുള്ള പള്ളത്തടുക്ക പുഴയ്ക്ക് 4 കോടി രൂപ ചെലവഴിച്ച് ചെറുകിട ജലസേചന വകുപ്പ് കോൺക്രീറ്റ് തടയണയും ഇതിനു മകളിൽ നടപ്പാതയും നിർമിച്ചിരുന്നു. ഇവിടെ നിന്നു ജലവിതരണം ചെയ്യുന്നതിനുള്ള പദ്ധതി വേണമെന്നത് കർഷകരുടെ ആവശ്യമായിരുന്നു.

ഈ പദ്ധതി നടപ്പാകുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമാവും. അമിത ജലം പാഴാക്കാതെ കണിക ജലസേചനം നടത്താനാകും. 30 ഏക്കർ കമുക്, 5 ഏക്കർ തെങ്ങ്, 10 ഏക്കർ നെല്ല്, 5 ഏക്കർ പച്ചക്കറി എന്നിവയാണ് 50 ഏക്കറിലെ കൃഷി. 80% സബ്സിഡിയും 20% ഗുണഭോക്തൃ വിഹിതവുമാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. സംസ്ഥാനത്തെ നാൽപ്പതാം പദ്ധതിയാണിത്.

തടയണയ്ക്ക് മുകളിലെ നടപ്പാത വഴി പ്രദേശത്തെ കർഷകർക്ക് ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിലെ കാടമനയിലെത്തുന്നതിനു നടപ്പാലം നിർമിച്ചതും സൗകര്യമായി. പഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ പ്രസിഡന്റ് ബി ശാന്ത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ വീണാ റാണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.