Wed. Jan 22nd, 2025
കോഴിക്കോട്:

കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.കേരളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചിരുന്നു.

കൂരാച്ചുണ്ട് ഫാമിലെ നാന്നൂറ് മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ കലക്ടർ പുറപ്പെടുവിച്ചിരുന്നു. ഫാമിന് 10 കിലോമീറ്റർ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

പക്ഷികളും കോഴികളും മുട്ടകളും ഈ മേഖലയിലേക്ക് കൊണ്ടു വരാനോ കൊണ്ടു പോകാനോ അനുമതിയില്ല. കഴിഞ്ഞ വർഷവും കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു.

ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലാണ് പക്ഷിപനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് ഡൽഹി എയിംസിൽ മരണമടത്തത്.

എച്ച് 5എൻ1 പനി ബാധിച്ച് ജൂലൈ 2 നാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികത്സിച്ച ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.