Thu. Dec 26th, 2024
കോഴിക്കോട്:

കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാറിനെ പിടിച്ച് കുലുക്കുന്ന പെഗാസസ് വിവാദവുമായി എന്താണ് ബന്ധം? അത് അത്ര ചെറുതല്ല, കാരണം ഇവരുടെ ഓൺലൈൻ ആപ്പിന്റെ പേര് പെഗാസസ് എന്നാണ് എന്നതല്ലാതെ മറ്റൊരു ബന്ധവുമില്ല. എന്നിട്ടും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആയിരത്തിലേറെ പേരാണ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്തത്.

ലോക്ക്ഡൌൺ ആയതോടെ വീട്ടിലിരുന്ന് പി എസ് സി കോച്ചിംഗ് ലഭിക്കാനായി ഒരു വർഷം മുമ്പ് കൊയിലാണ്ടി സ്വദേശിയായ സനൂപ് പിസി ആരംഭിച്ചതാണ് പെഗാസസ് ഓൺലൈൻ. അന്ന് പ്രകാശനോ എന്ന് ചോദിച്ച് കളിയാക്കിയവരുണ്ടായിരുന്നുവെന്നും എന്നാൽ ഇതിനൊക്കെ ശരിക്കും അർത്ഥമുണ്ടല്ലേ എന്നാണ് അന്ന് കളിയാക്കിവർ ഇപ്പോൾ ചോദിക്കുന്നതെന്നും പറയുന്നു സനൂപ്.

ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് വാർത്തകളിൽ നിറഞ്ഞതോടെയാണ് തങ്ങളുടെ ആപ്പിന് ഇത്ര പ്രചാരണം ലഭിച്ചതെന്നാണ് സനൂപ് പറഞ്ഞത്. ദിവസവും നിരവധി പേരാണ് ഫോൺ വിളിക്കുന്നത്. ഇവർ സംസാരിക്കുന്നത് ഹിന്ദിയിലോ മറ്റ് ഉത്തരേന്ത്യൻ ഭാഷകളിലോയതിനാൽ എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല.

ഒടിടി ലഭിക്കാത്തതിനാൽ ആകാം മൊബൈൽ നമ്പറുമായി ബന്ധപ്പെടുന്നതെന്നാണ് കരുതുന്നത്. വിളിക്കുന്നവരിൽ സ്ത്രീകളുമുണ്ട്. ഫോൺ കോളുകൾ മിക്കതും രാത്രി 12 മണിക്ക് ശേഷമാണെന്നും സനൂപ് പറഞ്ഞു.