Fri. Nov 22nd, 2024

രാമനാട്ടുകര:

നഗരത്തിലേക്കുള്ള ഗതാഗതം പരിമിതപ്പെടുത്താൻ പൊലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ യാത്രക്കാർ വലഞ്ഞു. ബൈപാസ് ജംക്‌ഷനിലും നിസരി ജംക്‌ഷനിലും പാത അടച്ചതോടെ, അടിയന്തര ആവശ്യങ്ങൾക്ക് എത്തിയവർ ഉൾപ്പെടെ ഒട്ടേറെ പേർ പെരുവഴിയിലായി. 2 ജംക്‌ഷനിലും ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ യാത്രക്കാർക്കു നഗരത്തിലേക്ക് പ്രവേശിക്കാനായില്ല. ഇതു പൊലീസും യാത്രക്കാരും തമ്മിൽ തർക്കത്തിനും ഇടയാക്കി.

പെരുന്നാൾ തലേന്നു രാവിലെ പെട്ടെന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാത്രക്കാരെ വട്ടം ചുറ്റിച്ചു. യൂണിവേഴ്സിറ്റി ഭാഗത്തു നിന്നു രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂർ ഭാഗങ്ങളിലേക്ക് എത്തിയ വാഹനങ്ങൾ ബൈപാസ് വഴിയാണ് കടത്തിവിട്ടത്. അഴിഞ്ഞിലം–ഫാറൂഖ് കോളജ് റോഡ് ജില്ലാ അതിർത്തിയിൽ അടച്ചത് സ്ഥലപരിചയം ഇല്ലാത്തവരെ കുടുക്കിലാക്കി.

ചുങ്കം ക്രസന്റ് ആശുപത്രി, ഐഒസി ഫറോക്ക് ഡിപ്പോ, നടുവട്ടം മിൽമ എന്നിവിടങ്ങളിലേക്കുള്ള  വാഹനങ്ങളും കടത്തി വിട്ടില്ല. നഗരത്തിലേക്കു വരേണ്ട ബസുകൾ ബൈപാസ് വഴിയായിരുന്നു സർവീസ്. യാത്രക്കാർ അഴിഞ്ഞിലം വരെ പോയി തിരിച്ചുപോന്നു.

ചിലർ നിസരി ജംക്‌ഷനിൽ നിന്നു മടങ്ങിപ്പോയി. എന്നാൽ രാമനാട്ടുകര നിവാസികൾ പാറമ്മൽ റോഡിലൂടെ ചുറ്റി നഗരത്തിലെത്തി.
യാത്രക്കാരുടെ പ്രതിഷേധം ഉയർന്നതോടെ വൈകിട്ടു പാത തുറന്നു കൊടുത്തു.

കൊവിഡ് സ്ഥിരീകരണ നിരക്ക് കൂടിയതിനാൽ രാമനാട്ടുകര നഗരസഭ ഡി കാറ്റഗറിയിലാണ്. ട്രിപ്പിൾ ലോക്ഡൗണിന്
സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നഗരം സന്ദർശിക്കാനെത്തിയ ഉത്തര മേഖല ഐജി അശോക് യാദവ് നടപടി കർശനമാക്കാൻ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
.