Mon. Dec 23rd, 2024

കൽപ്പറ്റ:

കൊവിഡ്‌ പ്രതിസന്ധികാരണവും ഇന്ധനത്തിന്റെ തീവിലകൊണ്ടും പിടിച്ചുനിൽക്കാനാവാതെ ബസ്‌ വ്യവസായം. 290 ബസുകളും 1500 ഓളം തൊഴിലാളികളുമുള്ള ജില്ലയിലെ ബസ്‌ വ്യവസായം പ്രതിസന്ധിയുടെ പടുകുഴിയിലാണ്‌. ഒരുവർഷത്തോളമായി ബസുകൾ കൃത്യമായി നിരത്തിലിറങ്ങിയിട്ട്‌.

60 ബസുകൾ മാത്രമാണ്‌ നിലവിലോടുന്നത്‌. 500 രൂപ പോലും മിച്ചംവയ്‌ക്കാനാവാതെയാണ്‌ ഇവ ഓടുന്നത്‌. കൊവിഡ്‌ ഭീതികാരണം യാത്രക്കാർ കയറാത്തതും വലിയ പ്രതിസന്ധിയാണ്‌. കിട്ടുന്ന തുകകൊണ്ട്‌ ഡീസലടിക്കാനോ തൊഴിലാളിക്ക്‌ കൂലി കൊടുക്കാനോ തികയുന്നില്ലെന്ന്‌ ഉടമകൾ പറയുന്നു.

നിത്യവൃത്തിക്ക്‌ ഗതിയില്ലാത്തതിനാൽ ഭൂരിഭാഗവും മറ്റ്‌ തൊഴിൽ മേഖലയിലേക്ക്‌ ചേക്കേറിക്കഴിഞ്ഞു. ലോണും ടാക്‌സും ഇൻഷുറൻസും അടയ്‌ക്കാനാവാതെ ഉടമകളും ഈ മേഖല വിടുന്നു. വാങ്ങാനാളില്ലാത്തതിനാൽ വിറ്റൊഴിവാക്കാൻ കഴിയാത്തതുകൊണ്ട്‌ മാത്രമാണ്‌ പല ഉടമകളും ഈ മേഖലയിൽത്തന്നെ നിൽക്കുന്നത്‌.

ടാക്‌സി ഇനത്തിലും ഇൻഷുർ ഇനത്തിലും സർക്കാർ നൽകിയ ഇളവുകൾകൊണ്ട്‌ മാത്രമാണിപ്പോൾ പിടിച്ചുനിൽക്കുന്നത്‌. ഓടാതെ നിന്നാൽ പോലും മാസത്തിൽ 40,000 രൂപ മുതൽ 60,000 രൂപവരെ ലോൺ അടയ്‌ക്കേണ്ടിവരുന്നുണ്ട്‌. ഇന്ധനച്ചെലവ്‌ ഭയന്ന്‌ ജില്ലയിലെ ഭൂരിഭാഗം ഉടമകളും പുതിയ മിനി ബസാണിറക്കിയത്‌.

വലിയ ബസുകൾക്ക്‌ 85 മുതൽ 100 ലിറ്റർവരെ ഡീസലടിക്കുമ്പോൾ 20 ലിറ്റർ വരെ കുറവ് വരുമെന്നതാണ്‌ മിനി ബസുകളുടെ മെച്ചം. പുതിയ ബസുകളായതിനാൽ ലോണടവും കൂടുതലാണ്‌. നിലവിൽ നിരത്തിലുള്ള ബസുകൾ ശരാരശരി രണ്ടായിരംരൂപവരെ നഷ്ടത്തിലാണ്‌ ഓടുന്നത്‌. 2500 രൂപയുടെ അധികച്ചെലവാണ്‌ ഡീസൽ വില വർധനയിലൂടെയുണ്ടായിട്ടുള്ളത്‌.

മിക്കപ്പോഴും തൊഴിലാളികൾക്ക്‌ കൂലി കൊടുക്കാൻപോലും തികയില്ലെന്നും ഉടമകൾ പറയുന്നു. നിർത്തിയിടുന്ന ബസുകളുടെ ബാറ്ററികളും ടയറും തകരാറിലാവുന്നതും മറ്റൊരു പ്രതിസന്ധിയാണ്‌. കൊവിഡ്‌ ഭീതി കാരണം 50 ശതമാനത്തോളം പേരെങ്കിലും ബസ്‌ യാത്ര ഒഴിവാക്കി. ദൂരയാത്രപോലും ബൈക്കുകളിലും മറ്റ്‌ വാഹനങ്ങളിലുമാണ്‌.