കോഴിക്കോട്:
എൻ സി പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ട മന്ത്രി രാജിവെക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ്.സ്ത്രീകൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾ വർധിക്കുകയും അത് വിവാദമായി സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രി സ്ഥാനത്തിരിക്കുന്ന ആൾ ഈ രീതിയിൽ ഇടപെടുന്നത് നീചമാണെന്ന് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻറ് ആവശ്യപ്പെട്ടു.
വാർത്ത ശരിയാണെന്നും പരാതി കിട്ടിയപ്പോൾ അത് നല്ല നിലയിൽ തീർക്കാൻ പറഞ്ഞതാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട്ട് പ്രതികരിച്ചിരുന്നു. പാർട്ടിയിലെ പ്രശ്നമെന്ന നിലയിലാണ് ഇടപെട്ടത്. എൻ സി പി നേതാവായിരുന്നു പരാതിക്കാരിയുടെ അച്ഛൻ. പരാതി പിൻവലിക്കാൻ നിർബന്ധിച്ചിട്ടില്ല.
സ്ത്രീയുടെ പരാതിയാണെന്ന് അറിഞ്ഞിരുന്നില്ല. ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. എൻ സി പി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു.കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണണം. അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ. പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ ഫോണിലൂടെ ആവശ്യപ്പെടുന്നത്.
‘പാർട്ടിയിൽ വിഷയമൊന്നും ഇല്ലല്ലോ സാറേ. സർ പറയുന്ന വിഷയം എനിക്ക് മനസ്സിലായില്ല. ഏതാണ് ഒന്ന് പറഞ്ഞേ. സാറേ… സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതളാലി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീർക്കണമെന്നാണോ നിങ്ങൾ പറയുന്നത്. അവർ ബി ജെ പിക്കാരാണ്. അത് എങ്ങനെ തീർക്കണമെന്നാണ് നിങ്ങൾ പറയുന്നത്.’ – എന്നാണ് പിതാവ് തിരിച്ചു ചോദിക്കുന്നത്.ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല.