വെളിയങ്കോട്:
വെളിയങ്കോട് താവളക്കുളം, പൂക്കൈതക്കടവ് മേഖലകളിലുള്ളവർക്ക് തൊട്ടടുത്ത മാറഞ്ചേരി ഗ്രാമപഞ്ചായത്തിലേക്കെത്താനുള്ള എളുപ്പമാർഗമായ വെളിയങ്കോട് ചീർപ്പ് പാലം തകർന്നിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് നടപടിയായില്ല.തെങ്ങിൻ തടികളും കവുങ്ങിൻതടികളും മരപ്പലകകളും ഉപയോഗിച്ച് നിർമിച്ച പാലം പുനർനിർമാണം കഴിഞ്ഞ് ഒരു വർഷത്തിനകംതന്നെ തടികൾ ദ്രവിച്ച് തകരുകയായിരുന്നു. ഇരുചക്ര വാഹനങ്ങളുൾപ്പെടെ കടന്നു പോകുന്ന മരപ്പാലത്തിൽനിന്ന് വീണ് മുമ്പ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാലം തകർച്ച നേരിടുമ്പോൾ പ്രദേശവാസികൾ മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്ത് അധികൃതരെ സമീപിക്കാറുണ്ടെങ്കിലും നിരാശയാണ് ഫലം. പിന്നീട് നാട്ടുകാർ പണം പിരിച്ചാണ് പുനർനിർമാണം നടത്തി വരുന്നത്.പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ മാരാമുറ്റം ബ്രാഞ്ചും താവളക്കുളം ബ്രാഞ്ചും സംയുക്തമായി പ്രതിഷേധ സൂചന സമരം നടത്തി.
സമരം മണ്ഡലം പ്രസിഡൻറ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി പഞ്ചായത്ത് മെംബർ നിഷാദ് അബൂബക്കർ, സമദ് താവളക്കുളം, ഷാഹുൽ ഹമീദ് മാരാമുറ്റം, ഷറഫുദ്ദീൻ, ടി വി റഫീഖ്, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.