Fri. Nov 22nd, 2024

വാഴക്കാട്‌:

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമെന്ന പ്രൗഢിയിൽ മലപ്പുറം വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം. പത്തു കോടി രൂപ ചിലവഴിച്ചു പുനർ നിർമിച്ച കെട്ടിടം ഈ മാസം 24 ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും.2018 ലെ പ്രളയത്തിൽ തകർന്ന ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടയാണ് വീണ്ടും പ്രവർത്തന സജ്ജമായത്.

വി പി എസ് ഹെൽത്ത് കെയർ ആണ് ആശുപത്രി പുനർനിർമിച്ചു നൽകിയത്. പ്രളയത്തില്‍ പൂർണമായും തകർന്ന ആശുപത്രിയുടെ സ്ഥാനത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ആരോഗ്യകേന്ദ്രം പുനർനിർമിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമെന്ന അവകാശവാദവുമായാണ് ഈ മാസം 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി നാടിന് സമർപ്പിക്കുന്നത്.

റീ ബില്‍ഡ് കേരളയുടെ ഭാഗമായി വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് ആണ് 10 കോടി രൂപ ചിലവില്‍ കുടുംബാരോഗ്യകേന്ദ്രം പുനര്‍നിര്‍മിച്ചത്. അത്യാധുനിക ലബോറട്ടറിയും മിനി ഓപ്പറേഷൻ തീയേറ്ററും, സ്ത്രീകൾക്കും , കുട്ടികൾക്കും വയോജനങ്ങൾക്കും, പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉപയിഗിക്കാവുന്ന ഓപ്പൺ ജിം അടക്കം സജ്ജീകരിച്ചിട്ടുണ്ട്.

ഇനിയും പ്രളയ ജലമെത്തിയാലും ആശുപത്രിയെ ബാധിക്കാത്ത തരത്തിലാണ് നിർമാണം. പ്രളയത്തിൽ പ്രദേശവാസികളുടെ ആശ്രയ കേന്ദ്രമായ ആശുപത്രി തകർന്നതിലുള്ള നിരാശ ഇപ്പോൾ ആഹ്ലാദമായി മാറി. കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് ആശുപത്രിയിലെ സൗകര്യങ്ങൾ ഒരുക്കിയത്.