വെഞ്ഞാറമൂട്:
ഏതുനിമിഷവും വീട് നിലം പൊത്തുമോ ജീവാപായം സംഭവിക്കുമോ എന്നൊക്കെയുള്ള ഭീതിയില്‍ ദലിത് സമുദായത്തിൽപെട്ട കുടുംബങ്ങള്‍. നെല്ലനാട് പഞ്ചായത്തിലെ മക്കാംകോണം കോളനിയിലെ ഏഴ് കുടുംബങ്ങളാണ് ഇത്തരമൊരു അവസ്ഥയില്‍ ജീവിതം തള്ളിനീക്കുന്നത്. 1980ലാണ് ഇവരുടെ കുടുംബങ്ങള്‍ ഇവിടെ താമസമാരംഭിക്കുന്നത്.
സ്വന്തമായി വസ്തുവോ വീടോ ഇല്ലാതിരുന്ന ഇവരുടെ പൂര്‍വികര്‍ക്ക് പഞ്ചായത്തധികൃതര്തന്നെ വീടുവെച്ച് താമസിക്കാനുള്ള അനുമതി നൽകുകയായിരുന്നു. തുര്‍ന്ന് പ്രാദേശികമായി കിട്ടിയ സാധനങ്ങളും മറ്റ് സഹായങ്ങളുമൊക്കെ സ്വീകരിച്ച് ഏഴ് കുടുംബങ്ങളും വീടുകൾ വെച്ച് താമസമാരംഭിച്ചു.
എന്നാല്‍, തുടര്‍ന്ന് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇവര്‍ക്ക് കൈവശാവകാശ രേഖകളോ പട്ടയമോ കിട്ടിയില്ല. ഇക്കാരണം കൊണ്ടുതന്നെ പുതിയ വീട്, വീട് പുനരുദ്ധാരണം എന്നിവക്ക് സര്‍ക്കാറോ പഞ്ചായത്തധികൃതരോ നൽകുന്ന ഒരാനുകൂല്യത്തിനും ഇവരെ പരിഗണിച്ചില്ല. ഇതിനിടയില്‍ കാലപ്പഴക്കത്താല്‍ വീടുകളിലെ തടി ഉരുപ്പടികളെന്ന് പറയാവുന്നവ പലതും ചിതലരിച്ചും ഒടിഞ്ഞും മേൽക്കൂര മൊത്തത്തില്‍ നിലം പൊത്താവുന്ന അവസ്ഥയിലായി.
പല വീടുകളിലെയും ഓടുകള്‍ പൊട്ടി വീടിനുകള്ക്കുള്ളിലേക്ക് വെള്ളമിറങ്ങി ചുവരുകളും നിലംപൊത്താവുന്ന അവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട്. സ്വന്തമായി വീട് പുരുദ്ധാരണമോ പുതിയവ നിര്‍മിക്കലോ ഇവരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍കൂടി കഴിയാത്ത അവസ്ഥയാണുള്ളത്. പിന്നെയുള്ള ഏക ആശ്രയം സര്‍ക്കാറിൻ്റെ ഭവന പദ്ധതികളെയാണ്.
എന്നാല്‍, പട്ടയം കിട്ടാത്ത കാരണം അത് ലഭിക്കാനുള്ള സാധ്യത വിരളമാണെന്നാണ് പറയപ്പെടുന്നത്. അടിയന്തരമായി റവന്യൂ അധികൃതർ പരിഗണിക്കുകയും പട്ടയം നൽകുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് ഇവരുടെ ഇപ്പോഴത്തെ അപേക്ഷ.