Wed. Jan 22nd, 2025

തലശ്ശേരി:

നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റ് നിലംപതിച്ച് മാസങ്ങളായെങ്കിലും പുതുതായി സ്ഥാപിക്കാത്തത് പ്രധാനപ്പെട്ട കവലകളെ ഇരുട്ടിലാഴ്ത്തുന്നു. ഹൈമാസ്റ്റ് വിളക്കിൻറെ അടിത്തറയ്ക്ക് വെളിച്ച പ്രതിബിംബ സൂചികയില്ലാത്തത് രാത്രികാലത്ത് വാഹനങ്ങളെ അപകടത്തിലേക്കും നയിക്കുന്നു. ടൗൺഹാളിനു സമീപത്തെ ജംക്‌ഷനിൽ മാസങ്ങൾക്കുമുൻപു വാഹനമിടിച്ച് ഹൈമാസ്റ്റ് വിളക്ക് നിലംപതിച്ചിരുന്നു.

മഞ്ഞോടി,തിരുവങ്ങാട് ഭാഗങ്ങളിലേക്കും തിരിച്ചും രാവിലെ മുതൽ രാത്രി 10 വരെ വാഹനങ്ങളുടെ ഇരുവശത്തേക്കുമായി കടന്നുപോകുന്ന തിരക്കേറിയ ജംഗ്ഷനാണിത്. തലശ്ശേരി നഗരത്തിലേക്കു കടക്കാനും കുയ്യാലി,ചിറക്കര, എരഞ്ഞോളി, കതിരൂർ, കൂത്തുപറമ്പ് ഭാഗങ്ങളിലേക്കും തിരിയുന്ന പ്രധാന ജംഗ്ഷനാണ് സംഗമം. ബസ്, മറ്റു വാഹനങ്ങൾ എന്നിവയ്ക്ക് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇവിടെ വിളക്കില്ലാത്തത് ദുരിതമാകുന്നു. 

മറ്റുവാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലും ഇപ്പോൾ  മഴയിലും കാഴ്ച അവ്യക്തമായി പലപ്പോഴും അപകടം സംഭവിക്കാറുണ്ട്.  സ്ഥലപരിചയമുള്ളവരും അപകടത്തിൽ പെടുന്നു. നിലംപതിച്ച ഹൈമാസ്റ്റ് വിളക്കുകൾക്കു മാത്രമല്ല, നിലവിൽ പ്രകാശിക്കുന്നവയ്ക്കും പ്രതിബിംബ സൂചികകളില്ല. 

വൈദ്യുത തടസ്സമുണ്ടായാലോ പ്രവർത്തനം തകരാറിലായാലോ മറ്റുള്ള ഹൈമാസ്റ്റ് വിളക്കുകളും അപകടത്തിന് വഴിയൊരുക്കുന്നു. നഗരത്തിലെ റോഡരികിൽ പലയിടത്തായി ഒട്ടേറെ ലോ മാസ്റ്റ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്കും ചില ഡിവൈഡറുകൾക്കും പ്രതിബിംബ സൂചികകളില്ല.

നാരങ്ങാപ്പുറം, പുതിയ ബസ് സ്റ്റാൻഡ് ,പഴയ ബസ് സ്റ്റാൻഡ്, കോമസ്‌മോ പൊളിറ്റൻ ക്ലബ് തുടങ്ങി പലയിടത്തായി ഡിവൈഡറുകളുണ്ട്. എന്നാൽ ഇവയിൽ മിക്കതിനും ഇരുട്ടിൽ അപായസൂചന നൽകാനുള്ള പ്രതിബിംബ സൂചിക സ്ഥാപിച്ചിട്ടില്ല. ഇതും വാഹനങ്ങൾക്ക് അപകടഭീഷണിയായിട്ടുണ്ട്.