Sat. Jan 18th, 2025

കൽപ്പറ്റ:

സൂര്യോദയത്തിന്‌ മുന്നേ കതിരിട്ട്‌ അസ്‌തമയത്തിന്‌ മുന്നേ മൂപ്പെത്തുന്ന നെല്ലിനം കാണണമെങ്കിൽ പ്രസീതിൻറെ കൃഷിയിടത്തിലേക്ക് പോയാൽ മതി‌. ‘അന്നൂരി’യെന്നാണ്‌ ഈ നെല്ലിനത്തിൻറെ പേര്‌. പുലർച്ചെ കതിരിട്ട്‌ വൈകിട്ടേക്കും മൂപ്പെത്തുന്നതിനാലാണ്‌ ഈ പേര്‌ വന്നത്‌.

സുഹൃത്ത്‌ വഴി ശബരിമല കാടുകളിൽനിന്നാണ്‌ ഈ അപൂർവയിനം തൻറെ നെല്ലിനങ്ങളുടെ ശേഖരത്തിലേക്ക്‌ ഏറ്റവുമൊടുവിൽ എത്തിച്ചത്‌. ഉച്ചയാകുന്നതോടെ കതിരുകൾ മൂപ്പാകും. ‌ വൈകിട്ടോടെ നെന്മണികൾ ഊർന്നുവീഴാൻ തുടങ്ങും.

കിളികൾ കൊത്തിപ്പോയില്ലെങ്കിൽ നാല്‌ ദിവസംവരെ നെന്മണികൾ കതിരിൽ ഉണ്ടാകുമെന്ന്‌ പ്രസീത്‌ പറഞ്ഞു. ശബരിമല കാടുകളിൽ കാണപ്പെടുന്ന ഈയിനം‌ ഏറെ ഔഷധഗുണമുള്ളതാണ്‌. മരുന്നിനായി ആദിവാസികളാണ്‌ കൂടുതലും ഇവ ഉപയോഗിക്കുന്നതെന്ന്‌ പ്രസീത്‌ പറഞ്ഞു.

ഉൾവനത്തിൽ മാത്രം കാണപ്പെടുന്ന ഈയിനം വംശനാശ ഭീഷണിയിലുമാണ്. നട്ട്‌ ഒരുമാസംകൊണ്ട്‌‌ കതിരിടും. രണ്ട്‌ വർഷംമുമ്പ്‌ രണ്ട്‌ ചുവട്‌ ചെടികളാണ്‌ തൃശൂരിലെ സുഹൃത്തിൽനിന്ന്‌ വാങ്ങിക്കൊണ്ടുവന്നത്‌. ഇപ്പോൾ 20‌ ചട്ടികളിൽ വ്യാപിപ്പിച്ചു. 100 ചട്ടികളിലേക്ക്‌ വ്യാപിപ്പിച്ച്‌ താൽപ്പര്യമുള്ളവർക്ക്‌ കൊടുക്കാനാണ്‌ തീരുമാനം.

അപൂർവമായതുൾപ്പെടെ 125 ഓളം നെല്ലിനങ്ങൾ ‌ പ്രസീത്‌ കുമാർ സൂക്ഷിക്കുന്നുണ്ട്‌. ഓരോ വർഷവും തൻറെ വിത്ത്‌ ശേഖരത്തിലേക്ക്‌ പുതിയ ഇനങ്ങളെ എത്തിക്കുന്ന ഈ കർഷകൻ ഇത്തവണയും അപൂർവങ്ങളായ മൂന്നിനം കൃഷിചെയ്യുന്നുണ്ട്‌. ഇന്ത്യയിൽ കണ്ടെത്തിയതിൽവച്ച്‌ ഏറ്റവും ഉയരംകൂടിയ ഇനമായ കാട്ടുയാനം (തമിഴ്‌നാട്ടിൽനിന്നും കൊണ്ടുവന്നത്‌), അസമിൽനിന്നുള്ള ബൊക്കാ സൗൽ, മണിപ്പൂരിൽനിന്നുള്ള ചക്ക്‌ ചോ എന്നിവയാണത്‌.

വേവിക്കാതെ ചോറാകുമെന്നതാണ്‌ ബൊക്കാ സൗലിൻറെ പ്രത്യേകത. ചൂട്‌ പാലിലോ ചൂടുവെള്ളത്തിലോ ഇട്ടാൽ ചോറായി മാറുന്ന ഇനമാണിത്‌. ക്യാൻസറിനെ പ്രതിരോധിക്കുന്ന ഇനമാണ്‌ ബ്ലാക്ക്‌ റൈസ്‌ വിഭാഗത്തിൽപ്പെട്ട ചക്ക്‌ ചോ.

ഇതടക്കം പത്തിനങ്ങൾ പുതുതായി കൃഷിചെയ്‌തിട്ടുണ്ട്‌. വയലുകളിൽ  നെൽച്ചെടികൊണ്ട്‌ ചിത്രങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പാഡി ആർട്ടിലൂടെ ശ്രദ്ധേയനാണ് ഈ കർഷകൻ. പാടത്ത്‌ രൂപപ്പെടുത്തിയ  ഇന്ത്യയുടെ ഭൂപടവും ഗുരുവായൂർ കേശവനും ശ്രദ്ധിക്കപ്പെട്ടിരുന്നു.