Mon. Dec 23rd, 2024

കോഴിക്കോട്:

കോഴി വില വർദ്ധനവിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ചിക്കൻ വ്യാപാരി സമിതി. അനിയന്ത്രിതമായി വില വർദ്ധിച്ചാൽ വിൽപന നടത്താനാവില്ല. തമിഴ്നാട് ലോബിയുടെ ഇടപെടലാണ് വില വർദ്ധനവിന് കാരണമെന്നും വില വർദ്ധന തുടർന്നാൽ കടകൾ അടച്ചിടേണ്ടി വരുമെന്നും ചിക്കൻ വ്യാപാരി സമിതി നേതാക്കൾ പറഞ്ഞു.

പല സ്ഥലങ്ങളിലും കിലോക്ക് 200 രൂപക്ക് മുകളിലാണ് വില. കൊച്ചിയിൽ ബ്രോയിലര്‍ കോഴിക്ക് കിലോഗ്രാമിന് 190 രൂപയായി വില ഉയര്‍ന്നു. കോഴിയിറച്ചിക്ക് ഓൺലൈൻ സൈറ്റുകളിൽ കിലോഗ്രാമിന് 210 രൂപ വരെയാണ് വില.

കുതിച്ചുയരുന്ന കോഴി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു. അതേസമയം കോഴിത്തീറ്റയുടെ ചെലവും മറ്റും കണക്കാക്കുമ്പോൾ വില കുറയ്ക്കാൻ ആകില്ലെന്ന് ഫാം ഉടമകൾ പറഞ്ഞു. പെരുന്നാള്‍ സമയത്തെ വില വർദ്ധനവ് പൊതുജനങ്ങളെയും വലച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ ചിക്കൻ സ്റ്റാളുകളിൽ സിവില്‍ സപ്ലൈസ് വിഭാഗം പരിശോധന നടത്തി. കടകളിൽ കോഴിയിറച്ചക്ക് വ്യത്യസ്ത വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പറമ്പത്ത്, നടക്കാവ്,തലക്കുളത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വ്യത്യസ്ത വില ഈടാക്കുന്നതായി കണ്ടെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധനിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ മാസം കിലോക്ക് 120 രൂപ ഉണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇന്ന് കോഴിക്കോട് നഗരത്തില്‍ 240 രൂപയാണ് ശരാശരി വില. നഗരത്തിലെ വിവിധ കടകള്‍ വ്യത്യസ്തമായ വിലയാണ് ഈടാക്കുന്നത്.