ചെറുവത്തൂർ:
വീരമലയിലെ ഇക്കോ ടൂറിസം പദ്ധതിക്കു ജീവൻ വെയ്ക്കുന്നു. വനം വകുപ്പിൻറെ അധീനതയിലുള്ള 37 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥാപിക്കുവാൻ ഉദേശിക്കുന്ന ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ വനംമന്ത്രി എ കെ ശശീന്ദ്രൻറെ സാന്നിധ്യത്തിൽ ചേർന്ന വനം, ടൂറിസം അധികൃതരുടെ യോഗത്തിൽ തീരുമാനിച്ചതോടെ നേരത്തെ നടപ്പിലാക്കാൻ തീരുമാനിച്ച റെയിൽബോ വില്ലേജിനൊപ്പം വീരമലയിലേക്ക് ഇക്കോ ടൂറിസവും വരികയാണ്. ടൂറിസം മേഖലയിൽ ജില്ലയുടെ സ്വപ്നപദ്ധതി എന്ന നിലയിൽ വീരമല കേന്ദ്രീകരിച്ചു വൻടൂറിസം പദ്ധതിക്കു വർഷങ്ങൾക്കു മുൻപു തന്നെ രൂപരേഖ തയറാക്കിയതാണ്. എന്നാൽ നാളിതുവരെ ഒന്നും നടന്നില്ലെന്നു മാത്രം.
സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ കാര്യങ്കോട് പുഴയ്ക്കും ദേശീയ പാതയ്ക്കും അതിരിടുന്ന വീരമല ചരിത്ര രേഖകളിൽ ഇടം പിടിച്ച സ്ഥലമാണ്. കിഴക്കൻ മലയോര ഗ്രാമങ്ങളിൽ നിന്നു സുഗന്ധദ്രവ്യങ്ങൾ കൊണ്ടു വരുന്നതിനായി ഡച്ചുകാർ വീരമലയിൽ കോട്ട നിർമിച്ചിരുന്നു.
ഇവരാണു പിന്നീടു വീർമലൈ എന്നു പേരിട്ടത്. ഡച്ചുകാർ സ്ഥാപിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്.കാര്യങ്കോട് പുഴയുടെ കൈവഴിയായ രാമൻചിറ തടാകത്തിൽ നിന്നു വീരമലയിലേക്കു കുതിരകൾക്കു സഞ്ചരിക്കുന്നതിനായി ഉണ്ടാക്കിയ റോഡ് ഇപ്പോഴും ഇവിടെ കാണാം.
കോട്ടയ്ക്കുള്ളിൽ സ്ഥാപിച്ച കിണർ ചരിത്രത്തിനു സാക്ഷിയായി ഇന്നും നിലനിൽക്കുന്നു. ചെറുവത്തൂർ കോട്ട എന്നാണ് ഇപ്പോൾ ഇതിനെ വിളിക്കുന്നത്. വീരമലയുടെ മുകളിൽ നിന്നു നോക്കിയാൽ അറബികടലിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളും മറ്റും സുന്ദരമായി കാണാം. വനം വകുപ്പിൻറെ കൈയിലുള്ള സ്ഥലത്താണു ചെറുവത്തൂർ കോട്ടയടക്കമുള്ള സ്ഥലങ്ങൾ കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കോ ടൂറിസം പദ്ധതി വരുന്നതോടെ വീരമലയുടെ സൗന്ദര്യം സഞ്ചാരികൾക്കു മനം നിറയെ ആസ്വദിക്കാനാകും.