Thu. Mar 28th, 2024

ഫറോക്ക്:

കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ബേപ്പൂർ ഗോതീശ്വരത്തും കടലേറ്റം തുടരുന്നു. തീരവാസികൾ ദുരിതത്തിൽ. കടൽ പ്രക്ഷുബ്ധമായതോടെ തീരത്തെ വീടുകളിലേക്ക് വെള്ളം കയറി. നാൽപ്പതോളം കുടുംബം ആശങ്കയിലാണ്‌.

ഗോതീശ്വരത്ത് ശനിയാഴ്‌ച ഉച്ചയോടെ വേലിയേറ്റ സമയത്ത്‌ തിരമാലകൾ കൂടുതലായി കരയിലേക്കാഞ്ഞടിച്ചു. ഗോതീശ്വരം ക്ഷേത്രം മുതൽ തെക്കോട്ട് പൂക്കോട്ട് ക്ഷേത്രം വരെയുള്ള തീരത്തെ ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിലായി. ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്‌ മാറി.

കടലുണ്ടി ബൈത്താനിയിലും കടലേറ്റം കൂടുതൽ ശക്തമായി. പല കുടുംബങ്ങളും രാത്രിയിൽ മറ്റു വീടുകളിലാണ് അഭയം തേടുന്നത്. തീരത്ത് കടൽവെള്ളം കെട്ടി നിൽക്കുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്.

രണ്ടു മേഖലകളിലും നിലവിലുള്ള തീര സംരക്ഷണഭിത്തികൾ തകർന്നതും തുടർച്ചയായ തിരയടിയിൽ താഴ്ന്നതുമാണ് തിരമാലകൾ കൂടുതൽ ജനവാസ കേന്ദ്രത്തിലേക്ക് ഇരച്ചുകയറാനിടയാക്കുന്നത്. ശരിയായ രീതിയിൽ ഭിത്തിയുള്ളിടത്ത് ഇതും മറികടന്നും കരയിലേക്ക് കടൽവെള്ളം കയറുന്നതിനാൽ തീരസംരക്ഷണത്തിന് ശാസ്ത്രീയമായ ശാശ്വത പരിഹാരമാണാവശ്യം.