തിരുവനന്തപുരം:
കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട കമീഷൻ തുക’സേവനമായി’കണ്ട് എഴുതിത്തള്ളാനുള്ള ഭക്ഷ്യവകുപ്പിെൻറ നീക്കത്തിനെതിരെ പ്രതിഷേധം കത്തുന്നു. കമീഷൻ നൽകിയില്ലെങ്കിൽ ആഗസ്റ്റിലെ ഓണക്കിറ്റ് വിതരണത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കടയുടമകൾ രംഗത്തെത്തി.
2020 ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്. ഇതുവരെ 12 മാസം കിറ്റ് വിതരണം ചെയ്തെങ്കിലും രണ്ടുമാസത്തെ കമീഷൻ മാത്രമാണ് വ്യാപാരികൾക്ക് ലഭിച്ചത്. കിറ്റ് ഒന്നിന് ഏഴ് രൂപയാണ് വ്യാപാരികൾക്ക് ആദ്യഘട്ടത്തിൽ കമീഷൻ പറഞ്ഞിരുന്നതെങ്കിലും ആദ്യമാസത്തെ വിതരണത്തിന് ശേഷം ഇത് അഞ്ച് രൂപയാക്കി.
എന്നാൽ ഇതുവരെ പകുതിമാസത്തെ കുടിശ്ശിക പോലും തീർത്തുനൽകാൻ സർക്കാർ തയാറായിട്ടില്ല. വ്യാപാരികളുടെ കമീഷൻ കൊടുത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. ഇതോടെയാണ് കഴിഞ്ഞദിവസം റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കിറ്റ് വിതരണം ഒരു സേവനമായി കണ്ടുകൂടെയെന്ന് മന്ത്രി ചോദിച്ചത്.
560 കോടി രൂപയാണ് സർക്കാർ കിറ്റിനായി ഇതുവരെ ചെലവാക്കിയത്. 10 കോടിയോളം കിറ്റുകൾ സപ്ലൈകോ വഴി തയാറാക്കി നൽകിയതാണ് ഭക്ഷ്യവകുപ്പിെൻറ കണക്ക്.