പൊന്നാനി:
പൊന്നാനി-തവനൂർ ദേശീയപാതയുടെ ടാറിങ് വൈകുന്നതിനെതിരെ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരം. മഴക്കാലത്തിനു മുമ്പ് തന്നെ തകർന്ന റോഡുകൾ പുനർനിർമിക്കാൻ സർക്കാർ നിർദേശമുണ്ടായിട്ടും പൊന്നാനി-തവനൂർ ദേശീയപാതയുടെ ടാറിങ് പ്രവൃത്തികൾ വൈകുന്നതിനെത്തുടർന്നാണ് പൊതുമരാമത്ത് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്.
പൊതുമരാമത്ത് വകുപ്പിന് കൈമാറിയ പഴയ ദേശീയപാത പുനർനിർമിക്കാൻ കരാർ ആയെങ്കിലും പല തവണയായി റോഡിൽ കുഴിയടക്കൽ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
കരാറുകാരൻറെ അനാസ്ഥ സർക്കാറിന് റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്നാണ് പൊന്നാനിയിൽ നടന്ന അവലോകന യോഗത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ശകാരിച്ചത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത ദിവസം തന്നെ ലഭിക്കണമെന്നും മന്ത്രി നിർദേശിച്ചു. നിർമാണം മന്ദഗതിയിലായ കർമ റോഡിൻറെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മന്ത്രി ആവശ്യപ്പെട്ടു.