Wed. Jan 22nd, 2025

പൊന്നാനി:

പൊന്നാനി നിള പൈതൃക മ്യൂസിയം നവംബർ ഒന്നിന് നാടിന് സമർപ്പിക്കും. പൊന്നാനിയിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയശേഷം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്‌. ഭാരതപ്പുഴയുടെ ചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയം പൊന്നാനിക്കും ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.

മ്യൂസിയത്തിലൊരുക്കുന്ന മുഴുവൻ സംവിധാനവും അദ്ദേഹം നേരിൽ കണ്ടു.ചമ്രവട്ടം പ്രൊജക്ട് ഓഫീസിലാണിത്‌. രണ്ടര ഏക്കറിൽ ഭിന്നശേഷി സൗഹൃദവും കാഴ്ച പരിമിതർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് സജ്ജീകരണം. നിളയ്ക്കഭിമുഖമായി കർമ റോഡിനോട് ചേർന്നാണ് പ്രവേശന കവാടം.

മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ആശയം രൂപപ്പെടുത്തിയത്‌. എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പിൽനിന്ന് അഞ്ചരക്കോടിയും ചെലവിട്ടാണ് പ്രവൃത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ടീവ് സൊസൈറ്റിക്കാണ് ചുമതല.

ബജറ്റിൽ പ്രഖ്യാപിച്ച മലബാർ ലിറ്റററി സർക്യൂട്ട് യാഥാർഥ്യമാകുന്നതോടെ പൊന്നാനി ടൂറിസം ഹബ്ബാകുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ബേപ്പൂർ മുതൽ പൊന്നാനി വഴി തൃത്താലവരെ നീളുന്നതാണ് പദ്ധതി. ഇതിന്റെ പ്രധാനഭാഗം പൊന്നാനിയാണ്. മറൈൻ മ്യൂസിയത്തിന്റെ കാര്യത്തിൽ ഫിഷറീസ് മന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.