Wed. Jan 22nd, 2025

കോഴിക്കോട്‌:

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുകയെന്നത് സർക്കാരിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം കലക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികളിലേക്കും ആനുകൂല്യങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാൻ ഓൺലൈനിൽ സംവിധാനമൊരുക്കും.

വിദ്യാഭ്യാസ–തൊഴിൽ മേഖലകളിൽ ഉയരങ്ങൾ കീഴടക്കാൻ എല്ലാ സഹായങ്ങളും ലഭ്യമാക്കും. സ്‌കൂളുകളും കോളേജുകളും ഭിന്നശേഷി സൗഹൃദപരമാക്കി മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.ശ്രവൺ’ പദ്ധതിയിലൂടെ 12 പേർക്ക് മന്ത്രി ശ്രവണ സഹായി നൽകി. 57 പേർക്ക് അടുത്ത ദിവസങ്ങളിൽ നൽകും.

കാഴ്ച പരിമിതിയുള്ള ഒമ്പത് പേർക്ക് സ്മാർട്ട് ഫോൺ നൽകി. 12 വയസിന് താഴെ പ്രായവും ഗുരുതര ഭിന്നശേഷിയുമുള്ള കുട്ടികൾക്ക് 18 വയസുവരെ 20,000 രൂപ വീതം നിക്ഷേപിക്കുന്ന ‘ഹസ്തദാനം’ പദ്ധതിയിലെ രണ്ട് ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശേഷിക്കുന്നവർക്ക് വരും ദിവസങ്ങളിൽ നൽകും. ‘ശുഭയാത്ര’ പദ്ധതി പ്രകാരം ഇലക്‌ട്രോണിക് വീൽ ചെയർ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കും.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേയർ ഡോ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ , കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, കൗൺസിലർ എം എൻ പ്രവീൺ, സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ ഡോ റോഷൻ ബിജിലി, മാനേജിങ്‌ ഡയറക്ടർ കെ മൊയ്തീൻകുട്ടി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷറഫ് കാവിൽ, ഗിരീഷ് കീർത്തി എന്നിവർ സംസാരിച്ചു.