Wed. Jan 22nd, 2025

കൽപറ്റ:

100 കിലോഗ്രാം കോഴിമാലിന്യത്തിൽനിന്ന് എന്തൊക്കെ ഉണ്ടാക്കാം? എങ്ങനെയെങ്കിലും ഒഴിവാക്കാനായി ഏതെങ്കിലും പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞു കളയുന്ന കോഴിമാലിന്യം സംസ്കരിച്ചാൽ കുറഞ്ഞതു 10 ലീറ്റർ ഡീസൽ ഉണ്ടാക്കാമെന്നാണു പൂക്കോട് സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറും ഗവേഷകനുമായ ഡോ ജോൺ ഏബ്രഹാം പറയുന്നത്.

കോഴിമാലിന്യത്തിൽനിന്ന് ബയോഡീസൽ ഉണ്ടാക്കാമെന്ന ജോൺ ഏബ്രഹാമിന്റെ കണ്ടുപിടിത്തത്തിന് 7 വർഷത്തെ പരിശ്രമത്തിനൊടുവിൽ പേറ്റന്റും ലഭിച്ചിരിക്കുന്നു. 2014ൽ ആണു പൂക്കോട് സർവകലാശാലയിൽ പ്ലാന്റ് സ്ഥാപിച്ച് ബയോഡീസൽ ഉൽപാദിപ്പിച്ചത്. സർവകലാശാലയുടെ പ്ലാന്റിൽ ഉൽപാദിപ്പിച്ച ഡീസലിന് 35.68 രൂപയാണു ചെലവ് വരുന്നത്. കൂടുതൽ അളവിലും ശാസ്ത്രീയമായും നിർമിച്ചാൽ തുക ഇനിയും കുറയും.

പേറ്റന്റ് ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തിൽ ബയോഡീസൽ ഉല്പാദനത്തിനു വഴിതെളിയുമെന്ന പ്രതീക്ഷയിലാണു ഡോ ജോൺ ഏബ്രഹാം. ബയോഡീസലിനു പേറ്റന്റ് നൽകാവുന്നതാണെന്നു 2020ൽ ആണ് ഇന്ത്യൻ പേറ്റന്റ് ഓഫിസ് അറിയിച്ചത്. എന്നാൽ, തുടർനടപടികൾ നീണ്ടുപോയി. ദേശീയ ജൈവവൈവിധ്യ ബോർഡിന്റെ അനുമതി വേണമെന്ന മാനദണ്ഡം പാലിച്ചെങ്കിലേ പേറ്റന്റ് ലഭിക്കൂ എന്നായിരുന്നു പ്രധാന നിബന്ധന.

ജോണിന്റെ ഗൈഡായ ഡോ രമേഷ് ശരവണകുമാറിന്റെ പരിശ്രമത്തിനൊടുവിൽ പേറ്റന്റിനുള്ള ഔപചാരികതകൾ പൂർത്തിയാക്കി. ജൂലായ് 7ന് പേറ്റന്റ് ലഭിച്ചെങ്കിലും അതിനു മുൻപേ രമേഷ് ഇഹലോകവാസം വെടിഞ്ഞിരുന്നു. ഡോ രമേഷിനാണ് പേറ്റന്റ് ബഹുമതി സമർപ്പിക്കുന്നതെന്ന് ജോൺ പറഞ്ഞു.

2 വർഷക്കാലം സർവകലാശാലയുടെ ജീപ്പുകളിലൊന്ന് ഓടിയത് ഈ ബയോ ഡീസൽ ഉപയോഗിച്ചാണ്. അന്തരീക്ഷ മലിനീകരണം കുറവാണെന്നതും ഇന്ധനക്ഷമത ഏറെയുണ്ടെന്നതുമാണു ബയോഡീസലിന്റെ പ്രത്യേകത. കോഴിമാലിന്യത്തിൽനിന്നുള്ള ബയോഡീസൽ കൊച്ചിൻ റിഫൈനറിയും ബിപിസിഎലും പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയതാണ്.

മാലിന്യനിർമാർജനത്തിനും ഊർജലാഭത്തിനും ഏറ്റവും മികച്ച പോംവഴിയായാണ് കോഴിമാലിന്യത്തിൽനിന്നുള്ള ബയോഡീസലിനെ സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോ എനർജി ആൻഡ് ഫാം വെയ്സ്റ്റ് മാനേജ്മെന്റ് കാണുന്നത്. കോഴിക്കടകളിൽനിന്നു ശേഖരിക്കുന്ന മാലിന്യം പുഴുങ്ങി സംസ്കരിച്ചുണ്ടാക്കുന്ന ചിക്കൻ ഓയിലിൽനിന്നാണ് ബയോഡീസൽ നിർമാണം. 100 കിലോ മാലിന്യത്തിൽനിന്ന് 10 ലീറ്റർ വരെ ഡീസൽ ഉണ്ടാക്കാം. “