Fri. Mar 29th, 2024
കോവളം:

ആദ്യം താജ്മഹൽ, പിന്നീട് ബാക്കിയുള്ളവ ഒന്നൊന്നായി. കൈയിൽ കിട്ടിയ കമുകിൻപാളയിൽ അക്രെലിക് പെയി​ന്റിൽ വെറും നാലു മണിക്കൂർകൊണ്ട് ലോകാത്ഭുതങ്ങൾ വരച്ചപ്പോൾ റോഷ്‌നയെ തേടിയെത്തിയത് രാജ്യാന്തര പുരസ്‌കാരങ്ങൾ.

മൈസൂർ ജെഎസ്എസ് മെഡിക്കൽ കോളേജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥിനിയാണ് കാഞ്ഞിരംകുളം മുള്ളുവിള നസറത്തിൽ റോഷ്ന എസ് റോബിൻ.
സ്കൂൾ കാലയളവിൽ അഭ്യസിച്ച നിറങ്ങളും വരകളുമാണ്‌ പൊടിതട്ടിയെടുത്തത്. അതിന്‌ ഇതാ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സി​ന്റെയും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സി​ന്റെയും അം​ഗീകാരവും!

ആദ്യം ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിലാണ് ഇടംനേടിയത്. തുടർന്ന് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലും അയച്ചു. രണ്ടിലും റെക്കോഡ് സ്വന്തമായി. പഠനത്തിനൊപ്പം ചിത്രരചനയും കൊണ്ടുപോകാനാണ് തീരുമാനം.

ബോട്ടിൽ പെയിന്റിങ്, ജലച്ചായം, വാട്ടർ കളർ പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ നീളുന്നു താൽപ്പര്യങ്ങൾ. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനായ അച്ഛൻ ജെ റോബിൻസണും അധ്യാപികയായ അമ്മ ടി ഷീബയും പിന്തുണയുമായി ഒപ്പമുണ്ട്. പുനരുപയോ​ഗ സാധ്യത കണക്കിലെടുത്താണ് പാള തെരഞ്ഞെടുത്തതെന്ന് റോഷ്ന പറയുന്നു.

By Divya