കണ്ണൂർ:
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്)യുടെ പയ്യന്നൂരിനടുത്ത കുറ്റൂർ ഓലയമ്പാടിയിലെ ഹോട്ട് മിക്സ് ടാർ മിക്സിങ് പ്ലാൻറ് ഇനി ഹരിതോർജത്തിൽ പ്രവർത്തിക്കും. ബിപിസിഎല്ലുമായി സഹകരിച്ചാണ് ഹരിതോർജം നിർമാണരംഗത്ത് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ ഊരാളുങ്കൽ സ്വായത്തമാക്കിയത്. സൊസൈറ്റിയുടെ മണ്ണാർക്കാട്, കാസർകോട് സൈറ്റുകളിലെ ഹോട്ട് മിക്സ് പ്ലാന്റുകളും ഉടൻ എൽപിജി ഇന്ധനത്തിലേക്കു മാറ്റും.
പയ്യന്നൂരിലെ പ്ലാൻറ് ബിപിസിഎല്ലിന്റെ എൽപിജി ഡിവിഷൻ തലവൻ ബി സെന്തിൽകുമാർ ഉദ്ഘാടനംചെയ്തു. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ തീരുമാനം പ്രശംസയർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അധ്യക്ഷനായി. ചടങ്ങിനോടനുബന്ധിച്ച് പ്ലാന്റിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. വിജയഭാസ്കര ഒടേല, വി ആർ രാജീവ്, അരുൺകുമാർ, പവൻ ബഹിർവാണി എന്നിവർ പങ്കെടുത്തു.