Wed. Jan 22nd, 2025

ഫറോക്ക്:

ബേപ്പൂരിനെ രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് സർക്കാർ അനുമതി. മണ്ഡലത്തിലെ വിനോദ കേന്ദ്രങ്ങൾ, ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.വിവിധ ഘട്ടങ്ങളായി 4 വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയിൽ 2024ൽ ബേപ്പൂരിനെ രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

ബേപ്പൂരിൽ നടക്കുന്ന മറ്റു ടൂറിസം വികസന പദ്ധതികളും ഇതുമായി ഏകോപിപ്പിക്കും. 4 വർഷം കൊണ്ട് 1000 പേർക്ക് പരിശീലനം നൽകുകയും കുറഞ്ഞത് 500 ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ രൂപീകരിക്കുകയും ചെയ്യുന്ന പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ടൂറിസം വകുപ്പ് ഒരുക്കും. പ്രദേശത്ത് വികസിപ്പിക്കേണ്ട ടൂറിസം പദ്ധതികളുടെയും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും കരട് ലിസ്റ്റ് തയാറാക്കൽ, സ്പെഷൽ ടൂറിസം ഗ്രാമസഭ, സ്റ്റേക് ഹോൾഡർമാർക്കും സംരംഭകർക്കുമുള്ള യോഗങ്ങൾ, ടൂറിസം റിസോഴ്സ് മാപ്പിങ്, തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പരിശീലനങ്ങൾ എന്നിവ നടത്തും.

ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ആൻഡ് പ്രമോഷൻ വിഡിയോകൾ തയാറാക്കുന്നതിനൊപ്പം ബ്ലോഗർമാർ, വ്ലോഗർമാർ, ടൂർ ഓപ്പറേറ്റർമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്കു ഫീൽഡ് ട്രിപ്പുകൾ ഒരുക്കും. അറബിക്കടൽ, ചാലിയാർ, പുലിമുട്ട്, തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകൾ, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, ചാലിയാർ തീരപ്രദേശം എന്നിവ ഉൾപ്പെടുത്തിയാണ് സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നത്.  പദ്ധതിയുടെ അവതരണവും മണ്ഡലത്തിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കുള്ള പ്രാഥമിക യോഗവും മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ടൂറിസം ഡയറക്ടർ കൃഷ്ണ തേജ, അഡിഷനൽ ചീഫ് സെക്രട്ടറി ഡോ വി വേണു, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓർഡിനേറ്റർ കെ രൂപേഷ്കുമാർ, കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, നഗരസഭാധ്യക്ഷരായ എൻസി അബ്ദുൽ റസാഖ്, ബുഷറ റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ശിവാനന്ദൻ, മുൻ എംഎൽഎ വികെസി മമ്മദ് കോയ, ബേപ്പൂർ ഡവലപ്മെന്റ് മിഷൻ ചെയർമാൻ എം ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.