Sun. Dec 29th, 2024

വൈത്തിരി:

കൊവിഡ്‌ വ്യാപനത്തിൽ പകച്ച്‌ നിൽക്കുന്ന ടൂറിസം മേഖലക്ക്‌ പ്രതീക്ഷ പകർന്ന്‌ സമ്പൂർണ വാക്സിനേഷന് തുടക്കം. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിൻറെ ആദ്യഘട്ടമാണ്‌ വൈത്തിരിയിൽ തുടങ്ങിയത്‌. ചേലോട് എച്ച്ഐഎംയുപി സ്‌കൂളിൽ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു.

പദ്ധതി പൂർത്തിയാകുമ്പോൾ വൈത്തിരി സംസ്ഥാനത്തെ സമ്പൂർണ വാക്സിനേഷൻ നേടുന്ന ആദ്യ പഞ്ചായത്തായി മാറും. പഞ്ചായത്തിൽ ആദ്യ ഡോസ് വാക്സിൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേർക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്സിൻ നൽകുന്നത്. ചേലോട് എച്ച്ഐഎംയുപി സ്‌കൂൾ, ചുണ്ടേൽ ആർസിഎൽപി സ്‌കൂൾ എന്നിവയാണ്‌ രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ.

സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് ഫോർ യൂവിൻറെ കൂടി സഹകരണത്തോടെയാണ് വാക്‌സിനേഷൻ യജ്ഞം. വിദഗ്ധ ഡോക്ടർമാരും സ്റ്റാഫുമടങ്ങുന്ന മൂന്ന് മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകൾ ഡോക്ടേഴ്‌സ് ഫോർ യൂ അനുവദിച്ചിട്ടുണ്ട്‌. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടത്തുന്നതിനും ഈ മൊബൈൽ യൂണിറ്റുകളുടെ സേവനം ലഭിക്കും.

പൾസ് എമർജൻസി ടീം കേരളയുടെ സന്നദ്ധ പ്രവർത്തകരും സേവനരംഗത്തുണ്ട്. വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കെടുക്കുന്ന മുഴുവൻ ജീവനക്കാർക്കും വളന്റിയർമാർക്കും വയനാട് ടൂറിസം ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) സൗജന്യ ഉച്ച ഭക്ഷണം നൽകും.
ഉദ്ഘാടന പരിപാടിയിൽ കലക്ടർ ഡോ അദീല അബ്ദുള്ള, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി എം വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, ജില്ലാ പ്ലാനിങ് ഓഫീസർ സുഭദ്ര നായർ, ഡിപിഎം ഡോ അഭിലാഷ്, ആർസിഎച്ച് ഓഫീസർ ഡോ ഷിജിൻ ജോൺ ആളൂർ, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷെറിൻ, സുഗന്ധഗിരി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ ജോയ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിമുഹമ്മദ് സലീം എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂർണ വാക്‌സിനേഷൻ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈത്തിരി ചേലോട് എച്ച്ഐഎംയുപി സ്‌കൂളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ ഡെസ്റ്റിനേഷനുകളും പൂർണമായി വാക്‌സിനേറ്റ് ചെയ്യാൻ തീരുമാനിച്ചത്‌.

കൊവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ടൂറിസം മേഖലയുടെ കുതിപ്പിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ഇതാവശ്യമാണ്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പൂർണ പിന്തുണയാണ് നൽകിയത്. ആദ്യഘട്ടത്തിൽ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലാണ് സമ്പൂർണ വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ വിനോദ സഞ്ചാര മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും.