Tue. Nov 5th, 2024

കോഴിക്കോട്‌:

മലബാറിൻറെ കായിക വികസനത്തിന് കരുത്തുപകരാൻ ചേവായൂരിൽ ജില്ലാ ഇൻഡോർ സ്‌റ്റേഡിയം നിർമാണം എത്രയുംവേഗം തുടങ്ങുമെന്ന്‌ കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അഞ്ച്‌ ഏക്കർ സ്ഥലത്ത്‌ രണ്ടു ഘട്ടങ്ങളിലായാണ്‌ അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയാക്കുക. ചർമരോഗാശുപത്രി ക്യാമ്പസിൽ ആരോഗ്യ വകുപ്പ് ഇൻഡോർ സ്റ്റേഡിയത്തിനായി വിട്ടുനൽകിയ സ്ഥലം സന്ദർശിച്ച ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒളിമ്പ്യൻ റഹ്‌മാൻറെ പേരിലുള്ള സ്‌റ്റേഡിയത്തിന്‌ 60 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്‌. ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ നിർമാണം തുടങ്ങും. കിറ്റ്‌കോയ്‌ക്കാണ്‌ നിർമാണച്ചുമതല. മുൻ എംഎൽഎ എ പ്രദീപ് കുമാറിൻറെ കാലത്ത് പദ്ധതി രൂപരേഖ തയാറാക്കിയിരുന്നു. ഇത് പരിശോധിച്ച് വിശദ ഡിപിആർ തയ്യാറാക്കാൻ കിറ്റ്‌കോയോട് മന്ത്രി നിർദേശിച്ചു.

അനുബന്ധ ജോലികൾ രണ്ടാം ഘട്ടത്തിൽ പൂർത്തീകരിക്കും. സ്ഥലത്തിൻറെ അതിരിടുന്നതുൾപ്പെടെയുള്ള ജോലികൾ ഉടൻ പൂർത്തീകരിക്കും. 2010ലാണ്‌ ചർമരോഗാശുപത്രിയുടെ ഭൂമിയും അനുബന്ധ റോഡും കായിക വകുപ്പിന്‌ കൈമാറി സർക്കാർ ഉത്തരവിറക്കിയത്‌. ഇൻഡോർ സ്‌റ്റേഡിയം, സ്വിമ്മിങ്‌ പൂൾ, അഡ്‌മിൻ ബ്ലോക്ക്‌, കായിക വകുപ്പിന്റെ മേഖലാ ഓഫീസ്‌ ബ്ലോക്ക്‌ എന്നീ സൗകര്യങ്ങളോടെയാണ്‌ നിർമാണം.

പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നായി ചേവായൂർ സ്റ്റേഡിയം മാറും. ചർമരോഗാശുപത്രിയുടെ ഓഫീസും ആശുപത്രിയും ഉൾപ്പെടെയുള്ള 11 പഴയ കെട്ടിടങ്ങൾക്കു പകരം 10,000 ചതുരശ്രയടി വിസ്‌തൃതിയിൽ പുതിയ കെട്ടിടം നിർമിച്ചു നൽകും. അതിനുശേഷമേ പഴയ കെട്ടിടം പൊളിക്കൂ.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എ പ്രദീപ്‌കുമാർ, സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ, വൈസ് പ്രസിഡന്റ് ഡോ റോയ് ജോൺ, സെക്രട്ടറി എസ് സുലൈമാൻ, ആശുപത്രി സൂപ്രണ്ട് ഡോ സരളാ നായർ, കിറ്റ്‌കോ ജില്ലാ എക്‌സിക്യൂഷൻ മേധാവി സാൻജോ കെ ജോസ്, കൗൺസിലർ ഡോ പി എൻ അജിത എന്നിവർക്കൊപ്പമാണ്‌ മന്ത്രി ചേവായൂരിലെ സ്ഥലം സന്ദർശിച്ചത്‌.