Wed. Jan 22nd, 2025

ബേക്കൽ:

കാസർകോടിൻറെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് ‘ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ലോഞ്ചിങ് മന്ത്രി ഓൺലൈനായി നിർവഹിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആചാരങ്ങളും സംസ്‌കാരങ്ങളുമെല്ലാം കാസർകോട്ട് നിന്ന് അനുഭവ വേദ്യമാക്കുകയും ലോകത്തിന് മുന്നിൽ കാസർകോടൻ പെരുമ തുറന്നു കാണിക്കുകയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണിത്.

രാജ്യത്തിൻറെ കൊച്ചു പതിപ്പ് കാസർകോട് അവതരിപ്പിക്കും. കൃത്യമായ അസ്തിത്വം അവകാശപ്പെടുന്ന 12 ഓളം ഭാഷകൾ ഉൾപ്പെടെ 30 ഓളം പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ലാ എന്നതും ദേശീയോത്സവമായ ഓണത്തിനൊപ്പം ഈദ്, ക്രിസ്മസ്,നവരാത്രിയും ഹോളിയും ഗണേശോത്സവവും ഉഗാദിയും ദീപാവലിയും ഗോണ്ടോൽ പൂജയും നാഗപഞ്ചമിയുമടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ആഘോഷങ്ങളും ഇവിടെ ഘോഷിക്കുന്നുവെന്നതും ലിറ്റിൽ ഇന്ത്യ കാസർകോട് ബ്രാൻഡിങിൽ പ്രയോജനപ്പെടുത്തും. ഇന്ത്യയെ അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇനി കാസർകോട്ടയ്ക്ക് വണ്ടി കയറാം എന്ന ആശയം വിവിധ സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും പദ്ധതി വഴി ലക്ഷ്യമിടുന്നു.

ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും ഇതോടൊപ്പം ബ്രാൻഡ് ചെയ്യും. ലോഞ്ചിങ് ചടങ്ങിൽ സിഎച്ച്കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം രാജഗോപാലൻ, എകെഎം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ,കാസർകോട് നഗരസഭാധ്യക്ഷൻ വിഎംമുനീർ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ  കെവി സുജാത, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി,കലക്ടർ ഡിസജിത് ബാബു, ഡിടിപിസി സെക്രട്ടറി ബിജു രാഘവൻ എന്നിവർ പ്രസംഗിച്ചു.