Sun. Dec 22nd, 2024

പയ്യന്നൂർ:

മരം വാങ്ങാൻ ആളില്ല. താലൂക്ക് ഓഫിസ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ. തെക്കേ ബസാറിലെ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയാണ് ബഹുനില കെട്ടിടം പണിയാൻ ടെൻഡർ നൽകിയിരുന്നത്. ടെൻഡർ ഉൾപ്പെടെ എല്ലാ നടപടിയും പൂർത്തിയാക്കി കഴിഞ്ഞ മന്ത്രിസഭയുടെ അവസാന ഘട്ടത്തിൽ അന്നത്തെ റവന്യുമന്ത്രി നേരിട്ട് പങ്കെടുത്ത് തറക്കല്ലിടൽ ചടങ്ങ് നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വില്ലേജ് ഓഫിസ് വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥലം കരാറുകാരന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

എന്നാൽ 6 മാസം പിന്നിട്ടിട്ടും പണി തുടങ്ങാനായില്ല. ഈ സ്ഥലത്ത് ഒരു പൂമരമുണ്ട്. അത് മുറിച്ച് മാറ്റിയാലേ കെട്ടിട നിർമാണം നടക്കൂ. മരം മുറിച്ച് മാറ്റാൻ ബന്ധപ്പെട്ട കമ്മിറ്റി അനുവാദം നൽകിയിരുന്നു. എന്നാൽ മരത്തിന് വനം വകുപ്പ് 40,000 രൂപയും ജിഎസ്ടിയുമാണ് വില നിശ്ചയിച്ചത്. ഈ തുക വച്ച് റവന്യു വകുപ്പ് ലേലം ചെയ്തപ്പോൾ ലേലം കൊള്ളാൻ ആരും വന്നില്ല.

മുറിച്ചിട്ട നല്ല മരങ്ങൾ വാങ്ങാൻ പോലും ആളില്ലാത്ത സ്ഥലത്ത് ഈ പടു മരം ആര് ലേലം കൊള്ളാൻ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. വിറകിന് ആവശ്യക്കാർ ഇല്ലാതായതോടെ വാങ്ങാൻ ആരും വരുന്നില്ല. വനംവകുപ്പ് നിശ്ചയിച്ച വിലയിൽ കുറച്ച് മരം വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് റവന്യു വകുപ്പ്. മരത്തിന്റെ പേരിൽ നിർമാണം വൈകിയാൽ അത് എസ്റ്റിമേറ്റിനെ ബാധിക്കുകയും പുതിയ വർഷത്തെ എസ്റ്റിമേറ്റാക്കി പുതുക്കി കൊടുക്കേണ്ട അവസ്ഥ വരുകയും ചെയ്യും. അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.