Sun. Dec 22nd, 2024

ചെറുപുഴ:

മലയോര ഹൈവേയിൽ മരങ്ങൾ കടപുഴകി വീഴുന്നത് പതിവു സംഭവമാകുന്നു. ചെറുപുഴ ടൗണിൽ ഏറെ തിരക്കേറിയ ഭാഗത്തു കഴിഞ്ഞ 2 ദിവസങ്ങളിൽ 2 കൂറ്റൻ മരങ്ങളാണു കടപുഴകി വീണത്. ഭാഗ്യം കൊണ്ടു മാത്രമാണു ദുരന്തം ഒഴിവായത്.

9ന് വൈകിട്ടു 6.45നു ചെറുപുഴ താഴെ ബസാറിൽ വാകമരം കടപുഴകി റോഡിലേക്ക് വീണെങ്കിലും ഈ സമയം ആളുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഇതിനുപുറമെ ലൈൻ പൊട്ടി വീണതിനാൽ വൈദ്യുതി വിതരണവും താറുമാറായി.
കഴിഞ്ഞ ദിവസം രാത്രി 9ന് മത്സ്യ മാർക്കറ്റിനു സമീപമുളള മരമാണു റോഡിലേക്ക് കടപുഴകി വീണത്.

കനത്ത മഴയായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്നു മരം മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. കെഎസ്ഇബി ഭൂഗർഭ കേബിൾ ഇടാനായി റോഡിനോട് ചേർന്നു കുഴിയെടുത്തിരുന്നു.

ഈ ഭാഗത്തെ മരമാണു ശനിയാഴ്ച രാത്രി കടപുഴകി വീണത്. മലയോര ഹൈവേയിൽ ചെറുപുഴ പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള ഭാഗത്താണു കേബിൾ ഇടാനായി കുഴിയെടുത്തത്. ഈ ഭാഗത്തു ഒട്ടേറെ മരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. മഴ കനത്തതോടെ മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇതോടെ ഇതുവഴി കടന്നുപോകുന്ന വാഹന യാത്രക്കാരും നാട്ടുകാരും കടുത്ത ഭീതിയിലാണ്.