Sun. Dec 22nd, 2024
കോവളം:

കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിള അക്ഷരം വീടിൻ്റെ പറമ്പിൽ എന്തുനട്ടാലും പൊന്നുവിളയും. ഗൃഹനാഥനായ ഗ്രേഷ്യസ് ബെഞ്ചമിൻ്റെ മനസ്സിൽ വിളങ്ങുന്നതാകട്ടെ അക്ഷരങ്ങളും. വീടിന്റെ മുൻവശത്ത് പ്ലാവും കുരുമുളകും, തൊട്ടടുത്തവളപ്പിൽ നൂറിലേറെ കപ്പവാഴകൾ (ചെങ്കദളി), ഇടവിളയായി 1000 കൈത. തീർന്നില്ല, തീറ്റപ്പുല്ല്, മഞ്ഞൾ, ഇഞ്ചിയടക്കമുള്ള ചെറുകൃഷികൾ.

വീട്ടാവശ്യത്തിന് പാല് ലഭിക്കാനായി കുള്ളൻ പശു, 50 ലേറെ കരിങ്കോഴികൾ, വാത്തകൾ എന്നിവയുമുണ്ട്. കൃഷിയുടെ കഥകൾ അങ്ങനെ പോകുന്നു. ഇനി ഗ്രേഷ്യസ് ബെഞ്ചമിൻ എന്ന എഴുത്തുകാരനെ അറിയാം. വയസ്സ്‌ 67. കോട്ടുകാൽക്കോണം എംസിഎച്ച്എസ്എസ് സ്കൂളിൽനിന്നും പത്താം ക്ലാസ് വിജയിച്ചു.

ഇതുവരെ എഴുതിയത് 240 പുസ്തകങ്ങൾ. ചരിത്രം, സയൻസ്, കൃഷി, സമകാലിക സംഭവങ്ങൾ, കാർഷികരംഗത്തുള്ളവർക്ക് വഴികാട്ടിയാകുന്ന പുസ്തകങ്ങൾ, കുട്ടികൾക്കുള്ള ശാസ്ത്ര വിജ്ഞാനകോശം അങ്ങനെ നീളുന്നു ഗ്രേഷ്യസിന്റെ അറിവിലും ഭാവനയിലും പിറന്ന പുസ്തകങ്ങളുടെ പട്ടിക.

‘‘രണ്ട് കൈകളെപ്പോലെയാണ് തനിക്ക് കൃഷിയും എഴുത്തും’’ – ഗ്രേഷ്യസ് പറയുന്നു. കർഷകഭാരതിയടക്കം 25 ലേറെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ പേരെടുത്തതോടെ അന്നത്തെ കൃഷി ഓഫീസർ ഗ്രേഷ്യസിനെക്കുറിച്ച് കാർഷിക മാസികയിൽ ലേഖനമെഴുതി.

ഇത് കണ്ടപ്പോഴാണ് തനിക്കും എന്ത് കൊണ്ട് ഇതുപോലെ എഴുതിക്കൂടാ എന്ന ചിന്തയുണ്ടായത്. എഴുത്തിലൂടെയും തരക്കേടില്ലാത്ത സമ്പാദ്യം ലഭിച്ചു. വീട്ടുവളപ്പിൽനിന്ന് വിളവെടുക്കുന്ന ഇഞ്ചി ഉണക്കിപ്പൊടിച്ച് ഇഞ്ചിചമ്മന്തി, നാളികേരത്തിൽനിന്നുള്ള ഉരുക്കെണ്ണ, കൈതച്ചക്കയിൽനിന്ന് പ്രകൃതിദത്തമായ ജാം എന്നിവയും ഉൽപ്പാദിപ്പിക്കുന്നുണ്ട്.

എഴുത്തിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ഇവ തിരുവനന്തപുരം നഗരമടക്കമുള്ള സ്ഥലങ്ങളിലെ വീടുകൾ തോറും കയറിയിറങ്ങി വിൽപ്പന നടത്തും. എഴുത്തിനും കൃഷിക്കും കൂട്ടായി ഭാര്യ കലയും ബിരുദാനന്തര ബിരുദം നേടിയ മകൾ ജി കെ അനുപമ, ബിരുദ വിദ്യാർഥിനിയായ ജി കെ അനുജയുമുണ്ട്.

By Divya