Sun. Dec 22nd, 2024

രാജപുരം:

കനത്ത മഴയിൽ ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം രൂപപ്പെട്ടതോടെ നാട്ടുകാർ ഭീതിയിൽ. കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ചീറ്റക്കാൽതട്ടിലെ ചെങ്കൽ ക്വാറിയിലാണ് കഴിഞ്ഞ ദിവസം ഗർത്തം രൂപപ്പെട്ടത്. 4 ഏക്കർ വിസ്തൃതിയിലുള്ള കുന്നിൻമുകളിലാണ് ചെങ്കൽ ക്വാറി പ്രവർത്തിക്കുന്നത്.

കല്ല് വെട്ടി എടുക്കുന്നതിനിടെ ആഴ്ചകൾക്ക് മുൻപ് ഇവിടെ സമാനമായ ഗർത്തം കണ്ടെത്തിയിരുന്നു.ഇത് പിന്നീട് ക്വാറി ഉടമയുടെ നേതൃത്വത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും ഇട്ട് നികത്തിയതായി സമീപവാസികൾ പറയുന്നു. മഴ ശക്തമായതോടെയാണ് ക്വാറിയിൽ വെള്ളം കെട്ടിനിന്ന് വീണ്ടും ഗർത്തം രൂപപ്പെട്ടത്.

ഗർത്തത്തിൽ വെള്ളം ഒഴുകുന്ന ശബ്ദവും കേൾക്കുന്നു. സമീപത്തെ ഒരള കോളനിയിലെ വീടുകളിലെ കിണറ്റിൽ ക്വാറിയിലെ ചെമ്മണ്ണ് കലരാൻ തുടങ്ങിയതോടെ ഉരുൾപൊട്ടൽ ഉണ്ടാകുമോ എന്ന ഭീതിയിലാണ് പരിസരവാസികൾ.