കോട്ടയം:
ഇന്ത്യൻ നേവിയുടെ ഫാസ്‌റ്റ് അറ്റാക്ക് ക്രാഫ്‌റ്റ്(ഐഎൻഎഫ്‌എസി) ടി–-18 കപ്പൽ കോട്ടയം പോർട്ടിൽ എത്തി. ആലപ്പുഴ പൈതൃക പദ്ധതിക്ക് കീഴിൽ പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനാണ് നേവി കപ്പൽ കൈമാറിയത്.
ഇത്രയും വലിപ്പമുള്ള കപ്പൽ ഇറക്കിവയ്‌ക്കാനുള്ള സൗകര്യം കോട്ടയം തുറമുഖത്തിൽ മാത്രമേയുള്ളൂ. ഇക്കാരണത്താലാണ് കോട്ടയത്ത് എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. അടുത്തയാഴ്‌ച പ്രത്യേക വാഹനത്തിൽ കപ്പൽ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
തിരുവനന്തപുരം ആസ്ഥാനമായുള്ള വൈറ്റ് ലൈൻ എന്ന സ്ഥാപനത്തിനാണ് ഇതിന്റെ കയറ്റിറക്ക് ചുമതല. വെസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനത്തിന്റെ ഭാഗമായ ഈ കപ്പൽ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ നിരവധി തീരദേശ സുരക്ഷാ, തുറമുഖ പ്രതിരോധ ദൗത്യങ്ങളിൽ പങ്കെടുത്തിരുന്നു. മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് ഈ മാസം ആദ്യമാണ് കപ്പൽ എത്തിച്ചത്.