കൊല്ലം:
തുറമുഖത്ത് ബുധനാഴ്‌ചയെത്തുന്ന കൂറ്റൻ കാർഗോ തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ കൊല്ലത്ത് രണ്ട് ആക്‌സിൽ (കൂറ്റൻ ചരക്കു വാഹനം) എത്തി. 104 ടയറുള്ള ആക്സിൽ മുംബൈയിൽനിന്ന് ശനിയാഴ്ച പകലാണ് കൊല്ലം ബീച്ചിനു സമീപം എത്തിയത്. കൊല്ലത്ത് ആദ്യമായാണ് ഇത്രയും വലിപ്പമുള്ള ആക്സിൽ എത്തുന്നത്.
നേരത്തെ ഇവിടെ എത്തിയിട്ടുള്ളത് 100 ടയറിനു താഴെയുള്ളതായിരുന്നു.
ഐഎസ്ആർഒയ്ക്കുള്ള ഹെവി ലിസ്റ്റ് വിഭാഗത്തിൽപ്പെട്ട കൂറ്റൻ കാർഗോയുമായി(187 ടൺ) വെള്ളിയാഴ്ച മുംബൈയിൽനിന്ന് തിരിച്ച ടഗ്ഗും ബാർജും കാലാവസ്ഥ അനുകൂലമെങ്കിൽ ബുധനാഴ്‌ച എത്തുമെന്നാണ് കരുതുന്നത്.
അക്വാഫ്ലോട്ട് എന്ന ബാർജിനെ അക്വാബോട്ട് എന്ന ടഗ് കെട്ടിവലിച്ചാണ് കൊണ്ടുവരുന്നത്. 70 മീറ്ററാണ് ബാർജിന്റെ നീളം. തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിങ് സ്റ്റേഷനിലേക്ക് കഴിഞ്ഞതവണ കൊണ്ടുവന്ന ഉപകരണത്തിന്റെ അവസാന രണ്ടുഭാഗങ്ങളാണ് ഇപ്പോൾ എത്തിക്കുന്നത്.
129 ടൺ ആണ് ഒരെണ്ണത്തിന്റെ ഭാരം. ഇതിന് 9.9 മീറ്റർ നീളവും 5.8 മീറ്റർ ഉയരവുമുണ്ട്. രണ്ടാമത്തെ ഭാഗം 58 ടൺ ഭാരമുള്ളതാണ്. തുറമുഖത്തുനിന്ന് ആക്സിലിൽ തുമ്പയിയിലെത്തിക്കുന്നതിന് രണ്ടു ദിവസമെങ്കിലും വേണ്ടിവരും.
കഴിഞ്ഞവർഷം ഒക്ടോബർ 31നാണ് ഐഎസ്ആർഒയ്ക്കുള്ള കാർഗോയുമായി ആദ്യം കപ്പൽ കൊല്ലത്തെത്തിയത്. ഏഴു മാസത്തിനുശേഷമാണ് തുറമുഖത്ത് വീണ്ടും ചരക്കുകപ്പൽ എത്തിക്കുന്നത്. കഴിഞ്ഞ തവണയും ഐഎസ്ആർഒയ്ക്കുള്ള കാർഗോ എത്തിച്ച പാക്സ് ഷിപ്പിങ് കമ്പനിയാണ് ഇത്തവണയും സാമഗ്രികൾ കൊണ്ടുവരുന്നത്.