Wed. Jan 22nd, 2025

കണ്ണൂർ:

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോകെ നാരായണ നായ്​ക്​ അറിയിച്ചു.പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്.

പനി, ചുവന്ന പാടുകള്‍, പേശിവേദന, സന്ധിവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ടുമുതല്‍ ഏഴുദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്നുമുതല്‍ 14 ദിവസമാണ് സിക വൈറസി​ൻെറ ഇന്‍കുബേഷന്‍ കാലയളവ്.

സിക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണം അപൂര്‍വമാണ്.ഗര്‍ഭിണികളെയാണ് ഈ വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക വൈറസ് ബാധ ജനിക്കുന്ന കുട്ടികളുടെ അംഗവൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതക്കും ഗര്‍ഭച്ഛിദ്രത്തിനും ഇതു കാരണമായേക്കാം.

കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളിലെത്തും.സിക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ ഉള്ള മരുന്ന് നിലവില്‍ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.

രോഗലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. സിക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടണം.കൊതുക്​ കടിയില്‍നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.

പകല്‍ സമയത്തും വൈകീട്ടും കൊതുക് കടിയില്‍നിന്ന് സംരക്ഷണം നേടുക പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകി​ൻെറ ഉറവിട നശീകരണം പ്രധാനമാണ്.

വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണം. ഇന്‍ഡോര്‍ പ്ലാൻറുകള്‍, ഫ്രിഡ്​ജി​ൻെറ ട്രേ എന്നിവ ആഴ്​ചയിലൊരിക്കല്‍ വൃത്തിയാക്കണം. സിക, ഡെങ്കിപ്പനി എന്നിവ ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ആഴ്​ചയിലൊരിക്കല്‍ നിര്‍ബന്ധമായും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.